Skip to main content

ഭൂമിശാസ്ത്ര സവിശേഷതകള്‍ക്കും ജനഹിതത്തിനും മുഖ്യപരിഗണന നല്‍കണം -  മന്ത്രി കെ രാജു

ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ക്കും  ജനഹിതത്തിനും മുഖ്യപരിഗണന നല്‍കി ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തണമെന്ന് മന്ത്രി കെ  രാജു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന  പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകീയാസൂത്രണ പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും കാര്യക്ഷമമായി നടപ്പിലാക്കുകയെന്ന ബൃഹത്തായ ചുമതലയാണ് ജില്ലാ പഞ്ചായത്തിനും പ്രസിഡന്റിനും ഉള്ളതെന്ന് മന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണം ഫലപ്രദമാക്കുക വഴി ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി.
ദേശീയ-സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ ജില്ലാ പഞ്ചായത്തിന് മുന്‍വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട സാം കെ ഡാനിയലിനും  വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുമ ലാലിനും മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും മന്ത്രി ആശംസകളറിയിച്ചു.
ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും കഴിവും പ്രതിഭയും കോര്‍ത്തിണക്കിക്കൊണ്ടുള്ള വികസന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മുല്ലക്കര രത്നകാരന്‍ എം എല്‍ എ പറഞ്ഞു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തി ജില്ലയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് യോഗത്തില്‍ ആശംസകളറിയിച്ച ചിറ്റയം ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു.
നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍,  ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, മുന്‍ എം എല്‍ എമാരായ കെ പ്രകാശ് ബാബു, പി എസ്  സുപാല്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ദേവകി, എസ് ജയമോഹന്‍, കെ ജഗദമ്മ, ആര്‍ ഗോപാലകൃഷ്ണപിള്ള,  സി രാധാമണി, മുന്‍ വൈസ് പ്രസിഡന്റ് എസ്  വേണുഗോപാല്‍, രാഷ്ട്രീയകക്ഷി നേതാക്കളായ എസ് സുദേവന്‍, ആര്‍ കെ ശശിധരന്‍ പിള്ള,  കവി കുരീപ്പുഴ ശ്രീകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3469/2020)

 

date