Skip to main content

'അറിയാം…നേടാം' ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികള്‍

 

(ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ മാതൃകാ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്.  ഈ പദ്ധതികളെല്ലം ഭിന്നശേഷികാര്‍ക്ക് പരമാവധി ഗുണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പല പദ്ധതികളും സേവനങ്ങളും വ്യക്തമായി അറിയാത്തതിനാല്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക്  പ്രയോജനപ്പെടാതെ പോകുന്ന സാഹചര്യമുണ്ട്. അതിനാല്‍ പ്രത്യേക പരിഗണനാ വിഭാഗമായ ഭിന്നശേഷികാര്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും പരമാവധി സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുമായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി തയ്യാറാക്കിയ പംക്തിയാണ് ഇന്നത്തെ പരമ്പരയിലൂടെ പരിചയപ്പെടുത്തുന്നത്.)
(ഫോട്ടോ സഹിതം)

ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികള്‍
 

സാധാരണക്കാര്‍ക്ക് പൊതുവേ നിര്‍വഹിക്കാന്‍ കഴിയുന്ന വിവിധ ശാരീരിക, മാനസിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അതേ തരത്തില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത വിധം വിവിധ പരിമിതികളുള്ളവരെയാണ് ഭിന്നശേഷിക്കാരെന്ന് വിശേഷിപ്പിക്കുന്നത്. സാമൂഹികമായി മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലും ഇവര്‍ പിറകിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഭിന്നശേഷിക്കാര്‍ നേരിടുന്ന പല രീതിയിലുള്ള പരിമിതികള്‍ അഥവാ തടസങ്ങളാണ് ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണം. വിദ്യാഭ്യാസത്തിനും സഞ്ചരിക്കാനും ജോലി സമ്പാദിക്കാനും ആരോഗ്യപരിപാലനത്തിനും നിരവധി പരിമിതികള്‍ അവര്‍ നേരിടേണ്ടിവരുന്നുണ്ട്. ഈ പരിമിതികളെ അതിജീവിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് ഭിന്നശേഷിയുള്ളവരുടെ പുനരധിവാസ പ്രക്രിയയിലെ വെല്ലുവിളി.  
 

2011ല്‍ പ്രസിദ്ധീകരിച്ച ഭിന്നശേഷിയുള്ളവരെ സംബന്ധിച്ച ആഗോള റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യയില്‍ 15 ശതമാനം ആളുകള്‍ വിവിധ അംഗപരിമിതി കളുള്ളവരാണ്. ഇതില്‍ തന്നെ രണ്ട് മുതല്‍ നാല് ശതമാനം വരെ തീവ്രമായ വൈകല്യങ്ങളുള്ളവരാണ്. 2011 ദേശീയ സെന്‍സസ് പ്രകാരം കേരളത്തില്‍ 761843 ഭിന്നശേഷിക്കാരുണ്ട്. അംഗപരിമിതരായ ഓരോവ്യക്തിയേയും സംബന്ധിച്ച വിശദവിവരങ്ങള്‍ മുന്‍ സെന്‍സസ് റിപ്പോര്‍ട്ടുകളില്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ 2015ല്‍ ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിന് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മാത്രമായി ഒരു സെന്‍സസ് നടത്തിയത്. 

 

ഇതുപ്രകാരം സംസ്ഥാനത്ത് 793937 ഭിന്നശേഷിക്കാരുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്. 96447 പേരാണ് ജില്ലയിലുള്ളത്.
ഭിന്നശേഷിയുള്ളവര്‍ക്ക് നിയമാനുസൃതം ഉറപ്പാക്കിയിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സമഗ്രമായ ഉന്നമനത്തിനുമായി 1995ല്‍ ദേശീയ ഭിന്നശേഷി നിയമവും 1999ല്‍ നാഷണല്‍ ട്രസ്റ്റ് നിയമവും ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുകയുണ്ടായി.
 

ഐക്യരാഷ്ട്രസഭയുടെ 2006 ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ചുവടുപിടിച്ചാണ് ഈ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. സ്ത്രീകളുംകുട്ടികളും ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് തുല്യതയും സമത്വവും ഉറപ്പ്‌വരുത്തുന്നതിന് സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ഈ നിയമപ്രകാരം ചലന വൈകല്യം, മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിയറോസിസ്, ഹ്രസ്വകായത്വം, അന്ധത, ഗുരുതരമായ കാഴ്ചക്കുറവ്, പഠനവൈകല്യം, സംസാരഭാഷാവൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മാനസികരോഗം, ഓട്ടിസം, കേള്‍വിയില്ലായ്മ, കുഷ്ഠരോഗവിമുക്തര്‍, ഹീമോഫീലിയ, താലസീമിയ, അരിവാള്‍ രോഗം, സെറിബ്രല്‍ പാള്‍സി, കേള്‍വിക്കുറവ്, ബഹുവൈകല്യം, ആസിഡ് അക്രമണത്തിന് വിധേയരായവര്‍, പാര്‍ക്കിന്‍സണ്‍സ് രോഗം  എന്നിങ്ങനെ 21 തരം ശാരീരിക മാനസിക അവസ്ഥയുള്ളവരെ ഭിന്നശേഷിക്കാരായി നിശ്ചയിച്ചിട്ടുള്ളത്. മുകളില്‍ പറഞ്ഞവയില്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച എല്ലാതരം ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹതയുണ്ട്.
 

പരിരക്ഷാ പദ്ധതി
 

അടിയന്തരസാഹചര്യം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായം നല്‍കുന്ന പദ്ധിയാണിത്. അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം നല്‍കും. അടിയന്തര സഹായമായതിനാല്‍ വരുമാനപരിധി ഒഴിവാക്കിയിട്ടുണ്ട്. 25,000 രൂപവരെ ജില്ലാസാമൂഹ്യനീതി ഓഫീസര്‍ക്ക് അനുവദിക്കാം.  അതിന് മുകളിലുള്ള തുക അനുവദിക്കുന്നത് ജില്ലാകലക്ടര്‍ ചെയര്‍മാനായുള്ള മോണിറ്ററിങ് കമ്മിറ്റിയാണ്.
 

സ്വാശ്രയ പദ്ധതി
 

70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസികവെല്ലുവിളി നേരിടുന്ന മക്കളുള്ള മാതാവിന്/ രക്ഷിതാവിന് (സ്ത്രീകള്‍) സ്വയം തൊഴില്‍ ധനസഹായം അനുവദിക്കുന്ന പദ്ധിയാണിത്. ഒറ്റതവണയായി 35,000 രൂപ ധനസഹായം അനുവദിക്കും. വരുമാന പരിധി ഒരു ലക്ഷം രൂപയാണ്.
 

മാതൃജ്യോതി പദ്ധതി
 

കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഒരുമാസം 2000 രൂപ ക്രമത്തില്‍ 24 മാസം ധനസഹായം അനുവദിക്കും. ഒരുലക്ഷം രൂപയാണ് വരുമാന പരിധി.
 

ചികിത്സ ധനസഹായം
 

ഭിന്നശേഷികാര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സ ചെയ്യേണ്ടി വരുമ്പോള്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഒറ്റതവണ ധനസഹായമായി പരമാവധി 5000 രൂപ അനുവദിക്കും. വരുമാനപരിധി ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും നഗരപ്രദേശങ്ങളില്‍ 24,000 രൂപയുമാണ്. ചികിത്സയിലാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
 

പരിണയം പദ്ധതി
 

ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും വിവാഹധനസഹായം  അനുവദിക്കുന്ന പദ്ധതിയാണിത്. ഒറ്റത്തവണ ധനസഹായമായി 30,000 രൂപ അനുവദിക്കും. വിവാഹത്തിന് ഒരുമാസം മുന്‍പ് അപേക്ഷ നല്‍കണം. വരുമാന പരിധി 36,000 രൂപയാണ്.
 

വിദ്യാജ്യോതി പദ്ധതി
 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക്  പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഒമ്പതാം ക്ലാസ് മുതല്‍  പ്ലസ്ടു വരെ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍  പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഒമ്പത്, 10 ക്ലാസുകളിലേക്ക് പഠനോപകരണങ്ങള്‍ക്കും യൂനിഫോമിനും യഥാക്രമം 1000 രൂപയും 1500 രൂപയും അനുവദിക്കും. പ്ലസ് വണ്‍, പ്ലസ്ടു, തത്തുല്യകോഴ്സുകള്‍ക്ക് 2000 രൂപയും 1500 രൂപയും നല്‍കും. ബിരുദകോഴ്സുകള്‍ക്ക്  പഠനോപകരണങ്ങള്‍ക്ക് 3000 രൂപയും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് 3500 രൂപയും അനുവദിക്കും.
 

വിദ്യാകിരണം പദ്ധതി
 

ഭിന്നശേഷിക്കാരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്ക് (മാതാവ്/പിതാവ്/രണ്ട് പേരും) വിഭ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. കുട്ടികളെ  നാല് വിഭാഗമായി തിരിച്ച് ഒരു അധ്യയന വര്‍ഷം 10 മാസത്തേക്ക് ധനസഹായം നല്‍കുന്നു. അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപയും ആറ് മുതല്‍ പത്ത് വരെ 500 രൂപയും പ്ലസ് വണ്‍ പ്ലസ്ടു കോഴ്സുകള്‍ക്ക് 750 രൂപയും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് 1000 രൂപയും ധനസഹായമായി നല്‍കും. വിദ്യാലയ മേധാവി മുഖാന്തരം അപേക്ഷ സമര്‍പ്പിക്കാം.
 

ഭിന്നശേഷികുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്
 

ഒന്നാം ക്ലാസ് മുതല്‍ പ്രൊഫഷനല്‍/ ബിരുദാനന്തര കോഴ്സുകള്‍ക്കുവരെ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്. വരുമാനപരിധി 36,000 രൂപയാണ്. ഒരു അധ്യയനവര്‍ഷം പത്ത് മാസത്തേക്ക്         സ്‌കോളര്‍ഷിപ്പ് അനുവദിക്കും. നാലാം ക്ലാസ്‌വരെ പ്രതിമാസം 300 രൂപയും അഞ്ച് മുതല്‍ പത്ത് വരെ 500 രൂപയും പ്ലസ് വണ്‍ പ്ലസ്ടു കോഴ്സുകള്‍ക്ക് 750 രൂപയും ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് 1,000 രൂപയും പ്രതിമാസം നല്‍കും. കാഴ്ചവൈകല്യമുള്ളവര്‍ക്ക് പഠന സഹായിയെ വയ്ക്കുന്നതിന് റീഡേഗ്‌സ്  അലവന്‍സും അനുവദിക്കും.
 

വിജയാമൃതം പദ്ധതി
 

ബിരുദ-ബിരുദാനന്തര പ്രൊഫഷനല്‍ കോഴ്സുകളില്‍ ഉന്നതവിജയം നേടുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. ബിരുദ തതുല്യകോഴ്‌സുകള്‍ക്ക് ആര്‍ട്സ് വിഷയങ്ങളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവരെയും ബിരുദാനന്തര പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ലഭിച്ചവരെയുമാണ് അവാര്‍ഡിന് പരിഗണിക്കുക. പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസം എന്നിവ വഴി കോഴ്സ് പൂര്‍ത്തിയാക്കിയവരെയും അവാര്‍ഡിന് പരിഗണിക്കും. ബിരുദ കോഴ്സുകള്‍ക്ക് 8,000 രൂപയും ബിരുദാനന്തര കോഴ്സുകള്‍ക്ക് 10,000 രൂപയുമാണ് അവാര്‍ഡ് തുക.
തുല്യതാ പരീക്ഷ എഴുതുന്നതിന് ധനസഹായം
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്ക് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം പരീക്ഷാ ഫീസ്, കോഴ്സ് ഫീസ് എന്നിവ വകുപ്പ് നല്‍കുന്നു. സാക്ഷരതാ മിഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ധനസഹായം നല്‍കുന്നതിന് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല.
 

പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി
 

ഓപണ്‍ യൂനിവേഴ്സിറ്റി, വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷന്‍ എന്നീ മാര്‍ഗങ്ങളിലൂടെ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതിയാണിത്. കേരളത്തിനകത്തെ യൂനിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.  കോഴ്സ് ഫീസ്, രജിസ്ട്രേഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, പരീക്ഷ ഫീസ്, പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവ് എന്നിവയുള്‍പ്പെടെ പരമാവധി 10,000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കും. വാര്‍ഷികവരുമാന പദ്ധതി ഒരുലക്ഷം രൂപ.
 

നിരാമയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി
 

മാനസികവെല്ലുവിളി, ഓട്ടിസം, സെറിബെല്‍ പാള്‍സി, ബുദ്ധിവൈകല്യം എന്നിവയുള്ള ഭിന്നശേഷിക്കാര്‍ക്ക് ചികിത്സക്ക്‌ചെലവ് അനുവദിക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയാണ് നിരാമയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി. നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ വഴിയാണ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഒരുലക്ഷം രൂപ വരെ വാര്‍ഷിക ചികിത്സാചെലവ് ലഭിക്കും. പദ്ധതിയില്‍ ചേരുന്നതിന് ബി.പി.എല്‍ വിഭാഗക്കാര്‍ 250 രൂപയും എ.പി.എല്‍.വിഭാഗക്കാര്‍ 500 രൂപയും വിഹിതം അടക്കണം. കേരളത്തില്‍ ഈ തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണ്. എല്ലാവര്‍ഷവും ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാണ് പദ്ധതി കാലാവധി. എല്ലാവര്‍ഷവും പോളിസി പുതുക്കണം. ജില്ലയില്‍ വി.കെ.എംസ്പെഷ്യല്‍സ്‌കൂള്‍, പുറമണ്ണൂര്‍, വളാഞ്ചേരി എന്ന സംഘടനയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
 

സാമൂഹ്യ നീതിവകുപ്പ് വഴി നടപ്പിലാക്കുന്ന  പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷ ഫോമും മറ്റു വിശദവിവരങ്ങളും വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ്‌സൈറ്റിലും മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും.

date