Skip to main content

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗമാകാം

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവരും 20 നും 65 നുമിടയില്‍ പ്രായവും നിലവില്‍ മദ്രസാധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കും മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് 5,000 മുതല്‍ 25,000 രൂപ വരെ ചികിത്സാ ധനസഹായം, വിവാഹത്തിനായുള്ള സഹായധനം, അംഗങ്ങളുടെ മക്കളില്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കുന്നവര്‍ക്ക് 2000 രൂപ ക്യാഷ് അവാര്‍ഡ് എന്നിവയും ലഭിക്കും. ഇതിന് പുറമെ ക്ഷേമനിധി അംഗങ്ങള്‍ക്ക് വീട് നിര്‍മാണത്തിനായി രണ്ടര ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും ലഭിക്കും. മൂന്ന് സെന്റില്‍ കുറയാത്ത സ്ഥലം ഉള്ളവര്‍ക്കാണ് 84 മാസം കൊണ്ട് അടച്ചു തീര്‍ക്കാവുന്ന വിധത്തില്‍ രണ്ടര ലക്ഷം രൂപ പലിശ രഹിത വായ്പയായി ലഭിക്കുക.
 

ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നത് എങ്ങനെ
 

കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്‍, മദ്രസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസ് അല്ലെങ്കില്‍ www.mtwfs.kerala.gov.in ലും ഇതിനായുള്ള അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം ക്ഷേമനിധി ഓഫീസിലോ കലക്ടറേറ്റിലുള്ള ന്യൂനപക്ഷ സെല്ലിലോ നേരിട്ട് നല്‍കാം. സബ് പോസ്റ്റോഫീസുകള്‍ വഴി അംശദായം ഓണ്‍ലൈനായി അടക്കാം.
 

പെന്‍ഷന്‍ പദ്ധതി
 

20 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ച് ക്ഷേമനിധിയില്‍ അംഗത്വം നിലനിര്‍ത്തിയവരും മദ്രസാധ്യാപന രംഗത്ത് നിന്ന് സ്വയം വിരമിച്ചതുമായ അംഗങ്ങള്‍ക്കാണ് മിനിമം പെന്‍ഷന് അര്‍ഹത. 65 വയസ് പൂര്‍ത്തിയാക്കിയ മദ്രസാധ്യാപകര്‍ക്ക് മിനിമം പെന്‍ഷനായി 1,000 രൂപയാണ് ലഭിക്കുക. പെന്‍ഷന് അര്‍ഹതയുള്ള ക്ഷേമനിധി അംഗത്തിന് പെന്‍ഷന് പകരമായി നിശ്ചിത തുക പരമാവധി 50 ശതമാനം വരെ കൈപ്പറ്റാനുമാകും.
 

വിവാഹ ധനസഹായം
 

മദ്രസാധ്യാപക ക്ഷേമനിധിയില്‍ രണ്ട് വര്‍ഷം അംഗത്വം പൂര്‍ത്തിയാക്കുകയും നിലവില്‍ അംഗത്വമുള്ളവരുമായ മദ്രസാധ്യാപര്‍ക്കോ അവരുടെ പെണ്‍മക്കളുടെ വിവാഹത്തിനോ 10,000 രൂപ സര്‍ക്കാര്‍ ധന സഹായമായി നല്‍കുന്നു. വിവാഹത്തിന് ഒരു മാസം മുമ്പോ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകമോ ഇതിനായി അപേക്ഷ നല്‍കിയിരിക്കണം. അപേക്ഷാഫോം ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗം എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, വിവാഹ ക്ഷണപത്രം അല്ലെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, വിവാഹിതരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്, പുതിയറ, കോഴിക്കോട്-673004 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2720577.

date