Skip to main content

'വിമുക്തി' താലൂക്ക് തലത്തിലും വ്യാപിപ്പിക്കും : മന്ത്രി ടി.പി. രാമകൃഷ്ണൻ

*മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ വിതരണം ചെയ്തു
ലഹരിമുക്തി പ്രോത്സാഹിപ്പിക്കുന്ന വിമുക്തി പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ താലൂക്ക് തലത്തിലും വ്യാപിപ്പിക്കുമെന്ന് തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 2019 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ എക്സൈസ് ആസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളിലും ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടിയാണ് എക്സൈസ് വകുപ്പ് സ്വീകരിച്ചത്. കഴിഞ്ഞ വർഷം റിക്കോർഡ് ലഹരി പദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ എക്‌സൈസ് വകുപ്പ് ബഹൂദൂരം മുന്നോട്ട് പോയെന്നും മന്ത്രി പറഞ്ഞു. മികച്ച സേവനത്തിനുള്ള എക്സൈസ് മെഡലിന് 27 പേരാണ് അർഹരായത്. മധ്യമേഖലയിലേയും ഉത്തരമേഖലയിലേയും മെഡൽ ജേതാക്കൾക്ക് യഥാക്രമം എറണാകുളം മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസിലും, കോഴിക്കോട് ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ ഓഫീസിലും ജോയിന്റ് എക്സൈസ് കമ്മീഷണർമാർ മെഡലുകൾ വിതരണം ചെയ്തു.
ചടങ്ങിൽ ഹലോ എക്സൈസ് ആപ്പ്, ഇ-ആംസ് (അസറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയർ), ഫ്ളീറ്റ് (വെഹിക്കിൾ മാനേജ്മെന്റ് സിസ്റ്റം) ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എക്‌സൈസ് വകുപ്പിലെ എല്ലാ ഓഫീസുകളുടെയും പഞ്ചായത്ത്, പോലീസ് തുടങ്ങിയ വകുപ്പുകളുടെ ഫോൺനമ്പർ അടക്കമുള്ള സമ്പർക്ക വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹലോ എക്സൈസ് ആപ്പ്. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനും വകുപ്പിലെ ജീവനക്കാരുടെ ഏകോപനം മെച്ചപ്പെടുത്താനും ആപ്പ് സഹായമാകും. പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. എക്‌സൈസ് ഐ.ടി സെല്ലാണ് ആപ്പ് വികസിപ്പിച്ചത്. വകുപ്പിലെ ആസ്തി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ക്രോഡീകരിക്കുന്നതിനാണ് ഇ-ആംസ്  (e-ARMS) വെബ് ആപ്ലിക്കേഷൻ.  https.//earms.keralaexcise.gov.in ൽ ഇ-ആംസ് ലഭിക്കും. വകുപ്പിലെ വാഹനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപണികളുടെ വിവരങ്ങളും ഏകോപിപ്പിക്കുന്നതിനാണ് ഫ്ളീറ്റ് മാനേജ്മെന്റ് സിസ്റ്റം.  https.//fleet.keralaexcise.gov.in ൽ ഫ്ളീറ്റ് ലഭിക്കും.
മികച്ച കേസുകൾ കണ്ടെത്തിയ സംസ്ഥാന എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾക്കുള്ള ക്യാഷ് അവാർഡും പ്രശംസാപത്ര വിതരണവും വിമുക്തി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി. രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 121/2021

date