കോവിഡ് വാക്‌സിനേഷന്‍: ഇന്ന്(ജനുവരി 8) ഡ്രൈ റണ്‍
കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ ജില്ലയില്‍ ഇന്ന്(ജനുവരി 8) നടക്കും. കൊല്ലം ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍. മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടിക്രമങ്ങളും ഇതിന്റെ ഭാഗമായി നടത്തും. പരിമിതികളും വെല്ലുവിളികളും നിരീക്ഷിച്ച് പരിഹരിക്കുകയാണ് ഡ്രൈ റണ്‍ വഴി ഉദ്ദേശിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, മുന്‍കൂട്ടി നിശ്ചയിച്ച 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം രാവിലെ ഒന്‍പതു മുതല്‍ 11 വരെ മൂന്നു കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകര്‍ത്താക്കളായി എത്തും. ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്തേണ്ട സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടുന്ന എസ് എം എസ് ഇവര്‍ക്ക് ലഭിക്കും. ഡ്രൈ റണ്‍ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്ക് യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ പ്രവേശിച്ചാല്‍ അതത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാകും.
വിതരണ കേന്ദ്രങ്ങളില്‍ കാത്തിരിപ്പിനും വാക്‌സിനേഷനും വാക്‌സിന്‍ സ്വീകരിച്ചശേഷമുള്ള നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജീകരിക്കും. വ്യക്തി വിവരങ്ങളും അതത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കേണ്ടവരാണോ എന്നതും പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. തുടര്‍ന്ന് വാക്‌സിനേഷന്‍ ഓഫീസറുടെ മുന്നില്‍ എത്തുമ്പോള്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തി വാക്‌സിനേഷന് അനുമതി നല്‍കും.
(പി.ആര്‍.കെ നമ്പര്‍-61/2021)
- Log in to post comments