Skip to main content

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വൈകിയിട്ടില്ല.

 

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്നത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയം പരിഗണിച്ചാണ് നിശ്ചയിച്ചതെന്നു പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.
കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെയും അതിജീവിച്ച് ഇത്രയും വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ച പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ തന്നെയാണ് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സമയം കണക്കാക്കുന്നത്. പാലങ്ങളിലെ ഭാരപരിശോധന 30.12.2020 ന് പൂര്‍ത്തിയായെങ്കിലും പാലത്തിലെ ലൈറ്റിംഗിനുള്ള അനുമതിയും കണക്ഷന്‍ നല്‍കലും അവസാനഘട്ടത്തിലാണ്. കൂടാതെ താഴെ ഭാഗത്തു കൂടിയുള്ള ഗതാഗത സംവിധാനം ചിട്ടപ്പെടുത്തുക തുടങ്ങിയവയെല്ലാം ഇതോടൊപ്പം നടപ്പിലാക്കേണ്ടതാണ്.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയും, അതിക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നത്. എറണാകുളത്തു മാത്രം കാണുന്ന ഒരുതരം പ്രൊഫഷണല്‍ ക്രിമിനലിസം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നു. സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനമില്ലാത്തതുകൊണ്ടാവാം ഉന്നത സ്ഥാനത്തു നിന്നു വിരമിച്ചവര്‍ പോലും അനാവശ്യ വിവാദങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും ദേശീയപാത വിഭാഗം വ്യക്തമാക്കി.
എല്ലാ വസ്തുതകളും ഘടകങ്ങളും യാഥാര്‍ത്ഥ്യങ്ങളും പരിശോധിച്ചു കൊണ്ടാണ് ഉദ്ഘാടനത്തിനുള്ള തീയതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടാകുന്നതെന്നും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

date