Skip to main content

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും

എറണാകുളം: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ആവശ്യപ്പെട്ടു. കളമശ്ശേരിയില്‍ ചേര്‍ന്ന മദ്രസ അധ്യാപക ക്ഷേമനിധി യോഗത്തില്‍ ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു.   കോവിഡ് പ്രതിസന്ധികണക്കിലെടുത്ത്, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലൂടെ പലിശരഹിത ഭവനവായ്പ എടുത്ത് തിരിച്ചടവ് മുടങ്ങയവർക്ക് ആറ് മാസത്തെ പിഴപലിശ ഒഴിവാക്കിയതായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ എ.ബി മൊയ്തീന്‍ കുട്ടി അറിയിച്ചു. കൂടാതെ ഈ വര്‍ഷം 150 പേര്‍ക്ക് പുതുതായി ഭവന വായ്പ നല്‍കുമെന്നും ഇതിനായുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.        
ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ സഹകരണത്തോടെ തിരഞ്ഞെടുക്കുന്ന 200 മദ്രസ അധ്യാപകര്‍ക്ക് ഈ മാസം 26ന് ഓറിയന്‍റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്ഷേമനിധി അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ അംഗത്വ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്ഷേമനിധി ഓഫീസിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ എടപ്പാള്‍, കൊല്ലം ജില്ലയിലെ ചിന്നക്കട എന്നിവിടങ്ങളില്‍ റീജണല്‍ ഓഫീസുകള്‍ ആരംഭിക്കും. വിവിധ ധനസഹായങ്ങള്‍ക്കുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് യോഗം അംഗീകരിച്ചു. 2020 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 50 പേര്‍ക്കുകൂടി പെന്‍ഷന്‍ നല്‍കും.     44 അധ്യാപകര്‍ക്ക് വിവാഹ ധനസഹായം നല്‍കാനും 36 വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കിയതും ആറ് അംഗങ്ങളുടെ ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായമായി 147176 രൂപ നല്‍കിയതും 32 പേര്‍ക്ക് ചികിത്സ സഹായമായി 229908 രൂപ നല്‍കിയതും യോഗം അംഗീകരിച്ചു.    യോഗത്തില്‍ മുന്‍ എം.എല്‍.എ എ.എം. യൂസഫ്, നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എ ശ്രീലത, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം,എം മുഹമ്മദ് ഹനീഫ, മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ ഹാജി പി.കെ മുഹമ്മദ്, ഇ. യാക്കൂബ് ഫൈസി, സിദ്ദീഖ് മൗലവി അയിലക്കാട്, എ. കമറുദ്ദീന്‍ മൗലവി, ഫൈസല്‍ തറമ്മല്‍, ഒ.പി.ഐ കോയ, ഒ.ഒ ഷംസു, സഫിയ ടീച്ചര്‍, മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഹമീദ് പി.എം എന്നിവര്‍ പങ്കെടുത്തു.

date