Skip to main content

ലോക കേരള സഭ പ്രാതിനിധ്യം: നാമനിര്‍ദേശം നവംബര്‍ 20 വരെ നീട്ടി

ലേകമെമ്പാടുമുളള മലയാളികള്‍ക്ക് പൊതു ചര്‍ച്ചാവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക കേരള സഭയിലേയ്ക്ക് പ്രവാസി പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുന്നതിന് നവംബര്‍ 20 വരെ അപേക്ഷ നല്‍കാം.  സഭാംഗത്വത്തിനായി വ്യക്തികള്‍ സ്വയമോ സംഘടനകള്‍ മുഖേനയോ നാമനിര്‍ദേശം ചെയ്യാം.  രണ്ടു വര്‍ഷത്തിലൊരിക്കല്‍ കൂടുന്ന സഭയില്‍ ഒരംഗത്തിന്റെ കാലാവധി അഞ്ചു വര്‍ഷമായിരിക്കും.  2018 ജനുവരിയില്‍ 12, 13 തീയതികളില്‍ ആദ്യ ലോക കേരള സഭ തിരുവനന്തപുരത്തു കൂടാനാണ് ഉദ്ദേശിക്കുന്നത്.  ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.  പ്രവാസികളും കേരളവും തമ്മിലുളള കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.  കേരള നിയമസഭാ സാമാജികരും കേരളത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗങ്ങളും ലോകത്തിന്റെ നാനാഭാഗത്തു നിന്ന് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രവാസി പ്രതിനിധികളും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളും ഉള്‍പ്പെടെ 350 ഓളം അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോക കേരള സഭ.  ഇതില്‍ പ്രവാസികളെ പ്രതിനിധീകരിച്ച് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും.  ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും പുറം രാജ്യങ്ങളില്‍ നിന്നും പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരില്‍ നിന്നും വിവിധ മേഖലകളിലുളള പ്രമുഖ വ്യക്തികളില്‍ നിന്നുമായിരിക്കും പ്രതിനിധികളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുക.  നാമനിര്‍ദേശം ചെയ്യുന്നതിനുളള അപേക്ഷ www.lokakeralasabha.com വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.  നാമനിര്‍ദേശം ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20 രാത്രി 12 മണിവരെയാണ്.

പി.എന്‍.എക്‌സ്.4826/17

date