Skip to main content

സാമൂഹ്യ സേവനത്തിന്റെ  ക്രിയാത്മക മാതൃകയുമായി സമ്പാദ്യപദ്ധതി കൂട്ടായ്മ

സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് ഏവര്‍ക്കും മാതൃകയായി ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ കൂട്ടായ്മ. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിക്കപ്പെട്ട തുക ഉപയോഗിച്ച് ജില്ലാ ആശുപത്രിക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയാണ് ഇവര്‍ മാതൃകയാവുന്നത്.
ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറില്‍ നിന്നും ഉപകരണങ്ങള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡി വസന്തദാസ് ഏറ്റുവാങ്ങി. സ്വന്തമായി സമാഹരിച്ച ചെറിയ തുക ഉപയോഗിച്ച് ഏജന്റുമാര്‍ നടത്തിയ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്.
കൊല്ലം ഹെഡ്ക്വാര്‍ട്ടേഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 280 ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ അവരില്‍ നിന്നുതന്നെ സമാഹരിച്ച 1,84,300  രൂപ ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയത്. ട്രോളി സ്ട്രക്ചര്‍, സ്ട്രക്ചറോട് കൂടിയ ക്ലീനിങ് ബക്കറ്റ്, വീല്‍ ചെയര്‍, ഹോട്ട് വാട്ടര്‍ ഡിസ്‌പെന്‍സര്‍, സെന്‍സര്‍  സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്നിവയടക്കം ഒരു ആശുപത്രിക്ക് അത്യാവശ്യമായി വേണ്ടുന്ന നാല്‍പതോളം ഉപകരണങ്ങളാണ് വാങ്ങി നല്‍കിയത്.
ജൈവകൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു  നടത്തി വിജയം  കൈവരിക്കാന്‍ ഇതിനോടകം  തന്നെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.  പൊതുജന ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും വലിയ ഇടപെടല്‍ നടത്തി. പ്രളയ ദുരിതാശ്വാസമായി ആറു ലക്ഷം രൂപയാണ് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ കൈമാറിയത്.
ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ പി ആര്‍ ഹരി, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ബി അജിത, ആര്‍ എം ഒ ഡോ അനൂരൂപ് ശങ്കര്‍, ജെ എച്ച് ഐ എസ്.പ്രദീപ്, സ്റ്റോര്‍ സൂപ്രണ്ട് അജോയ്, നഴ്‌സിങ് ഓഫീസര്‍ എന്‍ ഗീത, നഴ്‌സിങ് സൂപ്രണ്ട് ശാന്തമ്മ, ദേശീയ സമ്പാദ്യ പദ്ധതി കണ്‍വീനര്‍ രമാ രാജേന്ദ്രന്‍, പി കെ സത്യഭാമ, ശ്രീലത, സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 100/2021)

 

date