രണ്ടാം ഘട്ട വാക്സിനേഷൻ: വിവരശേഖരണം 16 ന് ആരംഭിക്കും
എറണാകുളം: രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ വിവരശേഖരണം ശനിയാഴ്ച (16/1) ആരംഭിക്കും. കോവിഡ് മാനേജ്മെൻ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ വർക്കേഴ്സിനാണ് രണ്ടാം ഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്. റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന ജീവനക്കാർ എന്നീ വകുപ്പുകളിൽ കോവിഡ് ബാധിതരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയാണ് ഫ്രണ്ട് ലൈൻ ജീവനക്കാരായി പരിഗണിക്കുന്നത്.
അതാത് ജില്ലകളിലെ ഹുസൂർ ശിരസ്തദാർമാരാണ് റവന്യൂ വകുപ്പിൻ്റെ വിവരശേഖരണത്തിൻ്റെ നോഡൽ ഓഫീസർ. ജീവനക്കാർ അടിസ്ഥാന വിവരങ്ങൾ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മൊബൈൽ നമ്പർ വഴിയാണ് വിവര കൈമാറ്റം നടക്കുന്നതിനാൽ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന മൊബൈൽ നമ്പർ നിർണായകമാണ്. പേര്, തിരിച്ചറിയൽ രേഖ, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ ആദ്യം നൽകണം. തുടർന്ന് ജോലി ചെയ്യുന്ന വകുപ്പും നിലവിൽ ജോലി ചെയ്യുന്ന ഓഫീസിൻ്റെ അഡ്രസും മേൽവിലാസവും ഇതോടൊപ്പം രേഖപ്പെടുത്തും. എച്ച്.എസുമാർ വിവരങ്ങൾ ആരോഗ്യ വകുപ്പിലെ ജില്ലാ ആർ.സി.എച്ച് ഓഫീസർമാർക്ക് മെയിൽ ചെയ്യും. ജനുവരി 20നുള്ളിൽ വിവരശേഖരണം പൂർത്തിയാക്കും. ഒരു എക്സൽ ഷീറ്റിൽ പരമാവധി 1000 പേരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ജില്ലയിൽ തഹസിൽദാർ മാർ മുഖേനയാണ് വിവരശേഖരണം നടത്തുന്നത്. കഴിവതും ജീവനക്കാർ ഓഫീസ് മേൽവിലാസത്തിൽ വാക്സിനേഷൻ സ്വീകരിക്കാനുള്ള വിവരങ്ങൾ നൽകണം. രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന പിൻകോഡിൻ്റെ അടിസ്ഥാനത്തിലായിരിക്കും വാക്സിനേഷൻ സെൻ്റർ ലഭിക്കുക. ജില്ലയിൽ രണ്ടായിരത്തോളം ജീവനക്കാരാണ് റവന്യൂ വകുപ്പിലുള്ളത്. വാക്സിൻ സ്വീകരിക്കുന്ന എല്ലാവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകും. രണ്ടാം ഘട്ട വാക്സിനേഷൻ അടുത്ത മാസമായിരിക്കും നടക്കുക.
- Log in to post comments