Skip to main content

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിൽ ഒന്നാമതായി ജില്ല

 

 

എറണാകുളം: കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി നിയോഗിച്ച രണ്ടാം ഘട്ട സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിൽ ഒന്നാമതായി ജില്ല. 2021 ജനുവരി ഒന്നിനാണ് രണ്ടാം ഘട്ട സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചത്.  

കോവിഡ് പ്രതിരോധത്തിനായി  15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് രണ്ടാം ഘട്ടത്തിൽ നിയമിച്ചത്. 15 ഉദ്യോഗസ്ഥരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. 2021 ജനുവരി 18 വരെയുള്ള കണക്ക് പ്രകാരം ഏറ്റവുമധികം കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതും പിഴയീടാക്കിയതും എറണാകുളം ജില്ലയിലാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തതും പിഴയീടാക്കിയതും. മറ്റു ജില്ലകളിലെ കണക്ക് ഇപ്രകാരമാണ്. 

 

ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ, പരിഹരിച്ചത്, പെൻഡിംഗുള്ളത് എന്ന ക്രമത്തിൽ 

 

ആലപ്പുഴ- 4383, 4382, 1

എറണാകുളം- 9148, 9101, 47

ഇടുക്കി - 3586, 3583, 3

കണ്ണൂർ - 2175, 2057, 118

കാസർഗോഡ് - 4735, 4668, 67

കൊല്ലം- 5029, 5023, 6

കോട്ടയം - 3999, 3982, 17

കോഴിക്കോട്- 2475, 2263, 212

മലപ്പുറം - 6731, 6685, 46

പത്തനംതിട്ട - 7941, 7938, 3

തിരുവനന്തപുരം - 3852, 3808, 44

തൃശൂർ - 3645, 3623, 22

വയനാട്- 949, 947, 2

 

ജില്ലയിലെ 60 പോലീസ് സ്റ്റേഷൻ പരിധിയിലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം. കോളേജ്, ഹൈസ്കൂൾ അധ്യാപകർ, ജലസേചനം, ആദായ നികുതി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിക്കുന്നത്. പോലീസിൻ്റെ സഹകരണത്തോടെയാണ് മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം.

 

കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതിനാൽ ആളുകൾ കൂടുതലെത്തുന്ന പരിപാടികളിലാണ് നിരീക്ഷണം ശക്തമാക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് മജിസ്ട്രേറ്റിന് കൈമാറണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴയീടാക്കും. ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറാണ് നിയമനടപടി സ്വീകരിക്കുന്നത്. 

 

ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ തന്നെയാണ് രണ്ടാം ഘട്ടത്തിലും  നിയമിച്ചിരിക്കുന്നത്. ഇവർക്കായി നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനവും നൽകിയിരുന്നു. 

 

ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാനാണ് നോഡൽ ഓഫീസർ.

date