Skip to main content

ഡെങ്കിപ്പനി; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

ജില്ലയില്‍ ഡെങ്കിപ്പനിക്ക് കാരണമായ നാലുതരം വൈറസുകളെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും . ഡെങ്കിപ്പനി ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ അത് അപകടകരമാകുമെന്നതിനാല്‍ കൊതുക് നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
കൊതുക് വളരാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ(ഉണക്കു ദിനം) ആചരിക്കണം. വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകളിലും ഓഫീസുകളില്‍ ശനിയാഴ്ചകളിലും വീടുകളില്‍ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കാം. കൊല്ലം കോര്‍പ്പറേഷനില്‍ രോഗ സാധ്യത അധികരിച്ചു കാണുന്നത് ആള്‍ താമസം ഇല്ലാതെ അടച്ചിട്ട  വീടുകളുള്ള മേഖലകളിലാണ്. ഇവിടങ്ങളില്‍  കൊതുകുകള്‍ വര്‍ധിക്കുന്നതാണ് കാരണം. കുലശേഖരപുരം, മൈനാഗപ്പള്ളി മേഖലകളില്‍ പ്ലാസ്റ്റിക്കിന്റെയും ടാര്‍പാേളിന്റെയും  അമിതഉപയോഗവും അലക്ഷ്യമായ കൈകാര്യം ചെയ്യലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വര്‍ധിക്കുന്നതിന് കാരണമാകുന്നു.
അഞ്ചല്‍ മേഖലയില്‍ റബ്ബര്‍ തോട്ടങ്ങളാണ് ഉറവിടങ്ങള്‍. തീരദേശ മേഖലകളില്‍ യാത്രാ നിരോധനവും ട്രോളിംഗ് നിരോധനവുമുള്ള സമയത്ത് ബോട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടാതെ കെട്ടിയ ടയറുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകിന്റെ വലിയ ഉറവിടമാകാറുണ്ട്. ഈ ടയറുകളുടെ അടിഭാഗത്ത് സുഷിരങ്ങള്‍ ഇട്ടു വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യമുണ്ടാക്കുന്നതിന് നിര്‍ദേശം നല്‍കിയതായും ഡി എം ഒ അറിയിച്ചു. രോഗ സാധ്യതയുള്ള   മേഖലകളില്‍ ഉറവിടനശീകരണവും ഫോഗിംഗും ആരംഭിച്ചു. അഞ്ചല്‍, ഏരൂര്‍ അലയമണ്‍, അഞ്ചാലുംമൂട്, കൊല്ലം കോര്‍പ്പറേഷന്‍, പോരുവഴി, കരുനാഗപ്പള്ളി, ചവറ, മൈനാഗപ്പള്ളി, നെടുങ്ങോലം എന്നിവയാണ് ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങള്‍.
(പി.ആര്‍.കെ നമ്പര്‍.173/2021)

 

date