Skip to main content

*ശ്രദ്ധേയമായി 'ജാഗ്രത ' ലഹരി വിരുദ്ധ പ്രചാരണം; 54 പഞ്ചായത്തുകളിൽ പൂർത്തിയായി 

 

കൊച്ചി: ശ്രദ്ധേയമായി ജാഗ്രത ലഹരി വിരുദ്ധ പ്രചാരണം; 54 പഞ്ചായത്തുകളിൽ പൂർത്തിയായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷനും കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണം 'ജാഗ്രത 'യാണ് ശ്രദ്ധേയമായത്.  ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10 ന് അഡീ.എക്സൈസ് കമ്മീഷണർ ഡി.രാജീവ് ഐ.ഒ.എഫ്.എസ് ആണ് ജില്ലയിൽ പ്രചാരണത്തിന് തുടക്കം കുറിചത്. ഇതിനോടകം ജില്ലയിലെ വടവുകോട്, വാഴക്കുളം, മുളന്തുരുത്തി, പാമ്പാക്കുട, കൂവപ്പടി, പറവൂർ, ആലങ്ങാട്, പള്ളുരുത്തി, വൈപ്പിൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഗ്രാമപഞ്ചായത്തുകളിലും ആലുവ, അങ്കമാലി, കളമശ്ശേരി, നോർത്ത് പറവൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, പിറവം, കൂത്താട്ടുകുളം, തൃക്കാകര എന്നീ 10 നഗരസഭകളിലും പ്രചാരണം പൂർത്തിയായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ  ജെൻഡർ വിഭാഗത്തിന്റെ കീഴിൽ വാർഡ് തലങ്ങളിലുള്ള വിജിലന്റ് ഗ്രൂപ്പുകൾക്കായി  വിവിധ പരിശീലനങ്ങൾ, പഠന ക്ലാസുകൾ, പ്രചാരണ പ്രവർത്തനങ്ങൾ എന്നിവ നടന്നു കഴിഞ്ഞു. ഇതോടൊപ്പം അയൽക്കൂട്ട അംഗങ്ങൾക്കായി വിവിധ പരിപാടികളും യുവജനങ്ങളിലെ ലഹരി ഉപഭോഗത്തെ മറികടക്കുക എന്ന ഉദ്ദേശ്യത്തോടെ ജെൻഡർ യൂത്ത് മൂവ്മെന്റ് (GYM) ക്ലബ് അംഗങ്ങൾക്കിടയിലും വിവിധ ബോധവത്ക്കരണ പരിപാടികൾ നടന്നു വരുകയാണ്.കൗമാരക്കാരിലെ ലഹരി ഉപഭോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ ബാലസഭ വിഭാഗത്തെ കേന്ദ്രീകരിച്ചും പ്രത്യേകം പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ വരെ സജീവമായതിനാൽ സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലേക്ക് ലഹരി വിരുദ്ധ പ്രചാരണം എത്തിക്കുകയാണ് ലക്ഷ്യം.  വിമുക്തി മിഷൻ വാർഡ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന വിമുക്തി സേനയും കുടുംബശ്രീയുടെ വിജിലൻറ് ഗ്രൂപ്പുകളും സംയുക്തമായി തദ്ദേശ സ്ഥാപനങ്ങൾ  കേന്ദ്രീകരിച്ച് ബോധവൽക്കരണ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എ. അശോക് കുമാർ, അസി.കമ്മീഷണർ & വിമുക്തി മാനേജർ ജി.സജിത്കുമാർ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.രഞ്ജിനി, അസി.മിഷൻ കോർഡിനേറ്റർ കെ.ആർ.രാകേഷ്, പ്രോഗ്രാം മാനേജർ ഷൈൻ.ടി.മണി എന്നിവരാണ് പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കുന്നത്. മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജിന്റെ നേതൃത്വത്തിൽ കുടുംബശ്രീ സ്നേഹിത ജീവനക്കാരും കമ്യൂണിറ്റി കൗൺസിലർമാരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

date