Skip to main content

മാളിയേക്കല്‍ റെയില്‍വേ ലെവല്‍ ക്രോസിലെ കുരുക്കഴിക്കാന്‍ മേല്‍പ്പാലം

തടസരഹിത റോഡ് ശൃംഖല, ലെവല്‍ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന കരുനാഗപ്പള്ളി മാളിയേക്കല്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ  നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യാതിഥിയായി. ഇതോടൊപ്പം ആറ് ജില്ലകളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
നാടിന്റെ ത്വരിത  വികസനം ഉറപ്പു വരുത്തുന്ന റോഡ് ശൃംഖലയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 8383 കിലോ മീറ്റര്‍ റോഡുകള്‍ പൂര്‍ത്തിയാക്കും.
നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം അവശ്യമാണെന്ന കാഴ്ചപ്പാടിന്റെ  അടിസ്ഥാനത്തിലാണ് കോവിഡ്  മഹാമാരിയുടെ കാലത്തും റോഡുകളുടേയും മേല്‍ പാലങ്ങളുടെയും നിര്‍മാണം സര്‍ക്കാര്‍ സാധ്യമാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇക്കാലയളവില്‍ സംസ്ഥാനം സാക്ഷിയായത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് മേല്‍പ്പാലങ്ങളുടെ  നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. റെയില്‍വേ ക്രോസുകള്‍ മൂലമുണ്ടാകുന്ന ഗതാഗത തടസത്തിന് ശാശ്വത പരിഹാരമാകും മേല്‍പ്പാലങ്ങളുടെ നിര്‍മാണം - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍' എന്ന ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പാലത്തിന്റെ നിര്‍മാണം. ഇത്തരത്തില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലങ്ങള്‍ കൂടിയാണിത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍മ്മാണ ചുമതല. 33.5 കോടിയാണ് പദ്ധതി തുക. 10.15 മീറ്റര്‍ വീതിയിലും  547 മീറ്റര്‍ നീളത്തിലുമാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്.  രണ്ട് ലൈന്‍ റോഡുകള്‍, ഫുട്പാത്ത്, ഓട, സര്‍വീസ് റോഡ് എന്നിവയും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. മാളിയേക്കല്‍ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഏറെ തിരക്കുള്ള റോഡിലെ ഗതാഗതക്കുരുക്കിനും  യാത്രാ ദുരിതത്തിനും പരിഹാരമാകും.
കല്ലേലിഭാഗത്ത് നടന്ന ചടങ്ങില്‍ എ എം ആരിഫ് എം പി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിശിഷ്ടാതിഥിയായി. ആര്‍  രാമചന്ദ്രന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഏറെ നാളായുള്ള നാടിന്റെ വികസന സ്വപ്നമാണ് മേല്‍പ്പാല നിര്‍മാണത്തിലൂടെ യാഥാര്‍ഥ്യമാകുന്നതെന്ന് എം എല്‍ എ പറഞ്ഞു.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കോട്ടയില്‍ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ആര്‍ ബി ഡി സി കെ - എം ഡി ജാഫര്‍ മാലിക്. ജനറല്‍ മാനേജര്‍ കെ എഫ് ലിസി തുടങ്ങിയവര്‍ ഓണ്‍ലൈനായി ചടങ്ങുകളില്‍ സംബന്ധിച്ചു.
(പി.ആര്‍.കെ നമ്പര്‍.214/2021)

 

date