ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം സംരക്ഷിക്കപ്പെടണം - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഫെഡറല്‍ സ്വഭാവം സംരക്ഷിക്കപ്പെടണമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ അംഗീകരിക്കപ്പെട്ട തത്വമാണ്. അത് തകര്‍ക്കപ്പെടാന്‍ പാടില്ല. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് ഒറ്റിക്കൊടുക്കാന്‍ ആവില്ല എന്ന് പ്രഖ്യാപിച്ചു ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം ഉയര്‍ത്തി ദേശീയ പതാകയേന്തി ഡല്‍ഹിയില്‍ കര്‍ഷകര്‍ തെരുവിലാണ്. ഇന്ത്യകണ്ട ശ്രദ്ധേയമായ പ്രക്ഷോഭമാണിത്. ശാസ്ത്രബോധവും ദേശീയബോധവും ഉള്‍ക്കൊണ്ടുള്ള നിലപാടിലാണ് നാം മലയാളികള്‍. ദേശീയത സംരക്ഷിച്ചു രാജ്യത്തിന്റെ ഒരുമയക്ക് വേണ്ടി പ്രയത്‌നിക്കാമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
നേരത്തെ ദേശീയ പതാക ഉയര്‍ത്തി വന്ദിച്ച ശേഷം മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. ബാന്‍ഡ് ട്രൂപ്പ് ദേശീയ ഗാനം ആലപിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ എന്നിവരും പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. എം നൗഷാദ് എം എല്‍ എ, മേയര്‍ പ്രസന്നാ ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, തൊഴിലാളി യൂണിയന്‍ നേതാവായ തുളസീധരക്കുറുപ്പ്, കൗണ്‍സിലര്‍മാരായ എ കെ സവാദ്, അനില്‍കുമാര്‍, തഹസീല്‍ദാര്‍ ശശിധരന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖരന്‍ കമാണ്ടറായ പരേഡില്‍ സുരേഷ്, രാംദാസ്, പി എസ് ഷാന്‍, സൂര്യ, ബിനു ഗോപാല്‍, പ്രകൃതി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പ്ലാറ്റിയൂണുകള്‍ അണിനിരന്നു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
(പി.ആര്‍.കെ നമ്പര്‍.249/2021)
- Log in to post comments