പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പിലാക്കും: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
* ലോക പ്രമേഹ ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു
പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് ററ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ പ്രമേഹം സൗജന്യമായി ചികിത്സിക്കുന്നതിന് 'മിഠായി' എന്ന പേരില്‍ ഒരു പദ്ധതി സംസ്ഥാനത്ത് നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക പ്രമേഹദിന സംസ്ഥാനതല ഉദ്ഘാടനവും പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സംഘടിപ്പിച്ച പ്രമേഹ ദിനാചരണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണമെടുത്താണ് സംസ്ഥാനത്തെ മൊത്തം പ്രമേഹ രോഗികളെത്രയെന്ന് കണക്കാക്കുന്നത്. ഇനിമുതല്‍ നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍വേനടത്തി സ്ത്രീ/പുരുഷന്‍/കുട്ടികള്‍ എന്നിങ്ങനെ ആകെ ജനസംഖ്യയും പ്രമേഹ രോഗബാധിതരുടെ എണ്ണവും സംബന്ധിച്ച സര്‍വേ നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് സര്‍വേ. അതിനുശേഷം മറ്റു ജില്ലകളിലും പൂര്‍ത്തിയാക്കും.
ഇന്ത്യയില്‍ പുരുഷന്മാരില്‍ 19 ശതമാനവും സ്ത്രീകളില്‍ 17 ശതമാനവും പ്രമേഹ രോഗികളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് യഥാക്രമം 27 ഉം 19 ഉം ശതമാനമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസില്‍ പ്രതിദിനം മൂവായിരത്തിലേറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. പ്രമേഹരോഗം നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തിലും വ്യായാമത്തിലും കാര്യമായ ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു. പണം ധാരാളമായി കൈയില്‍ വരുമ്പോള്‍ ആവശ്യമില്ലാതെപോലും ആഹാരം കഴിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുകയാണ്. ശരിയായ ഭക്ഷണരീതി ശീലമാക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. യു.കെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയുമായി സഹകരിച്ച് പ്രമേഹരോഗ നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കനകക്കുന്നില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ കെ.ജെ. റീന, ഡി.എം.ഒ. ഡോ. പ്രീത, ഡി.പി.എം. ഡോ. ജെ. സ്വപ്നകുമാരി, എന്‍.സി.ഡി അസി. ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ. ഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് പ്രമേഹ ദിനാചരണത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആര്‍.വി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, തിരുവനന്തപുരം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.4831/17
- Log in to post comments