Skip to main content

കരുതല്‍ കരങ്ങളായി സര്‍ക്കാര്‍; പ്രതീക്ഷയോടെ സജയകുമാര്‍

ജ•നാ ഇരു കൈകളുമില്ലാത്ത സജയകുമാറിന് കരുതല്‍ കരങ്ങളാവുകയാണ്  സര്‍ക്കാര്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്ക്  സ്ഥിരമായൊരു ജോലി എന്ന സ്വപ്നവുമയാണ് സജയകുമാര്‍ എത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്നില്‍ ഏറെ പ്രതീക്ഷയോടെയാണ് കാല് കൊണ്ട്  അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത്.
സജയകുമാറിന്റെ ആവശ്യമറിഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയ്ക്ക് അപേക്ഷ ശുപാര്‍ശ ചെയ്യാമെന്ന് ഉറപ്പുനല്‍കി. കൈവിരലുകളെക്കാള്‍ മനോഹരമായി കാല്‍വിരല്‍ കൊണ്ട് എഴുതിയ അപേക്ഷ മന്ത്രി സഹാനുഭൂതിയോടെയാണ് നോക്കിയത്.  
പട്ടാഴി പന്ത്രണ്ടുമുറി സ്വദേശിയാണ് 34 വയസുള്ള സജയകുമാര്‍. ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കൊല്ലം ജില്ല സമഗ്ര ശിക്ഷാ കേരളം, കുളക്കട ബി ആര്‍ സി ക്ക് കീഴില്‍ പട്ടാഴി ജി വി എച്ച് എസ് എസ്, മോഡല്‍ എല്‍ പി എസ്, പിടവൂര്‍ എല്‍ പി എസ് എന്നിവിടങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ സ്‌പെഷ്യലിസ്റ്റ് ഡ്രോയിങ്ങില്‍ താത്കാലിക അധ്യാപകനായി അഞ്ച് വര്‍ഷമായി ജോലി ചെയ്തു വരികയാണ്.  കൈകളില്ല എന്നത് ഒരിക്കലും പരിമിതികളാകാതെ കാല്‍ വിരലുകള്‍കൊണ്ട് ചിത്രരചനയില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് സജയകുമാര്‍.
സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക യോഗ്യത ടെസ്റ്റായ കെ-ടെറ്റ് ജേതാവാണ്. തൊഴില്‍ ലഭ്യമാക്കുമെന്ന മന്ത്രിയുടെ വാക്കുകളില്‍ നിറഞ്ഞ പ്രതീക്ഷയോടെയാണ് കലാകാരന്‍ മടങ്ങിയത്.
 (പി.ആര്‍.കെ നമ്പര്‍.329/2021)

date