Skip to main content

സര്‍ക്കാര്‍  കരുതലേകി, പ്രഭാകരന് ചികിത്സ തുടരാം

ഹൃദ്രോഗിയായ പ്രഭാകരന് സര്‍ക്കാരിന്റെ കരുതലില്‍ ഇനി  ചികിത്സ തുടരാം. പുനലൂരില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ അപേക്ഷയുമായി എത്തിയ പ്രഭാകരന്റെ  രോഗവിവരം കേട്ടറിഞ്ഞ മന്ത്രി കെ രാജു അമ്പതിനായിരം രൂപയാണ് ചികിത്സാ ധനസഹായമായി അനുവദിച്ചത്.
വര്‍ഷങ്ങളായി പ്രഭാകരന്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദ്രോഗ വിഭാഗത്തില്‍  ചികിത്സയിലാണ്. രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ ഗൈഡായി പ്രവര്‍ത്തിക്കുകയായിരുന്നു. രോഗത്തെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും തുടര്‍ചികിത്സ മുടങ്ങുകയും ചെയ്യുന്ന സ്ഥിതിയായി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിനെക്കുറിച്ച് അറിഞ്ഞ പ്രഭാകരന്‍ അപേക്ഷയുമായി പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  എത്തുകയായിരുന്നു.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് ആര്യങ്കാവ് സ്വദേശിയായ പ്രഭാകരന്റെ  കുടുംബം. തങ്ങളെപ്പോലെയുള്ള പാവങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കരുതലേകിയ സര്‍ക്കാരിന്റെ ഇടപെടലില്‍ തികഞ്ഞ കടപ്പാടാണ് ഉള്ളതെന്ന് പ്രഭാകരന്‍ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.330/2021)

date