Skip to main content

വിളക്കുപാറ മാവേലി സ്റ്റോര്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു

വിളക്കുപാറ മാവേലിസ്റ്റോര്‍ പുതിയ കെട്ടിടത്തിലേക്ക്, പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു.
ജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളാണ് പൊതുവിതരണ രംഗത്ത് നടപ്പിലാക്കുന്നത്. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് കഴിഞ്ഞു. പുതിയ കാലത്തിനനുസൃതമായ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ളവയും പൊതുവിതരണ രംഗത്ത് നടപ്പിലാക്കിവരുന്നു.   സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും പീപ്പിള്‍സ് ബസാറും ഹൈപര്‍മാര്‍ക്കറ്റുകളും തുടങ്ങുകയാണ്  സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അധ്യക്ഷത വഹിച്ചു.  വര്‍ധിച്ച ഉത്തരവാദിത്തങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിവരുന്നത്.  കോവിഡ് സമയത്ത് അവശ്യ സേവനങ്ങള്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സിവില്‍ സപ്ലൈസ് വിഭാഗമായിരുന്നു. ലക്ഷക്കണക്കിന് ഭക്ഷ്യ കിറ്റുകളാണ് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിച്ചത്. വരുംമാസങ്ങളില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും 10 കിലോ അരി വീതം നല്‍കുന്നതിന് മന്ത്രിസഭയില്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിളക്കുപാറ മാവേലി സ്റ്റോര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍ ആദ്യ വില്‍പ്പന നടത്തി. വൈസ് പ്രസിഡന്റ് ചിന്നു വിനോദ്,  അംഗം അജിത്ത്, ജില്ലാ പഞ്ചായത്തംഗം അംബിക കുമാരി, മാവേലി സ്റ്റോര്‍ മാനേജര്‍ കെ രാജലക്ഷ്മി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.348/2021)

date