Skip to main content

'തേന്‍ഗ്രാമ'മാകാനൊരുങ്ങി ചാത്തന്നൂര്‍

തേന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയും പരമ്പരാഗത കാര്‍ഷികോല്‍പ്പാദനത്തില്‍  മുന്നേറ്റവും ലക്ഷ്യമാക്കി ചാത്തന്നൂര്‍ മണ്ഡലത്തില്‍  തേന്‍ഗ്രാമം പദ്ധതിക്ക് തുടക്കമായി. പൂതക്കുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു.  സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വേറിട്ടൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ  ലഭിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.
പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ ചടങ്ങില്‍ അധ്യക്ഷയായി. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ 'പുനര്‍ജനി ചാത്തന്നൂരി'ന്റെ ഭാഗമായാണ് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും തേന്‍ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന തേന്‍ ശേഖരിച്ച് ബ്രാന്‍ഡ് ചെയ്ത് മണ്ഡലത്തിലെയും  ജില്ലയുടെ മറ്റു പ്രദേശങ്ങളിലെയും വിപണികളില്‍ എത്തിക്കും. മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 120 കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അറുന്നൂറോളം തേന്‍ പെട്ടികള്‍ ഇതിനോടകം വിതരണത്തിനായി സജ്ജമായിട്ടുണ്ട്.
മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കിയ ശേഷമാണ് കര്‍ഷകര്‍ക്ക്
തേന്‍ പെട്ടികള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുക.  പഞ്ചായത്ത് അടിസ്ഥാനമാക്കി രണ്ട് ഘട്ടങ്ങളായാണ് പരിശീലനം. ആദ്യ ഘട്ടത്തില്‍  കല്ലുവാതുക്കല്‍, പൂയപ്പള്ളി, ചാത്തന്നൂര്‍ പഞ്ചായത്തുകളിലെ അമ്പതോളം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന പഞ്ചായത്തുകള്‍ക്കുള്ള പരിശീലനം നടക്കുമെന്ന് ചാത്തന്നൂര്‍ കാര്‍ഷിക ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ വി എന്‍ ഷിബുകുമാര്‍ പറഞ്ഞു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സദാനന്ദന്‍ പിള്ള, പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ, സ്ഥിരം സമിതി അധ്യക്ഷ ലൈല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം കെ ശ്രീകുമാര്‍, കൃഷി ഓഫീസര്‍ ശ്രീവത്സ പി ശ്രീനിവാസന്‍, ഹോര്‍ട്ടികോര്‍പ് ജില്ലാ മാനേജര്‍ മധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.351/2021)

 

date