Skip to main content

പ്രകൃതി സംരക്ഷണ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പ്രകൃതി സംരക്ഷണ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട സംയുക്ത വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആറുകള്‍, തോടുകള്‍, കുളങ്ങള്‍, നീരുറവകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുര്യോട്ടുമല, കോട്ടുക്കല്‍ ഫാമുകള്‍ കേന്ദ്രീകരിച്ച് ഫാം ടൂറിസത്തിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ഹോക്കി എന്നീ കായിക ഇനങ്ങളില്‍ ജില്ലാ ടീം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-22 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന കലണ്ടര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് അവതരിപ്പിച്ചു. ജില്ലാ പദ്ധതിയും വികസന കാഴ്ചപ്പാടും എന്ന വിഷയത്തില്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം എം വിശ്വനാഥനും 14-ാം പഞ്ചവത്സര പദ്ധതിയുടെ കാഴ്ച്ചപ്പാട് എന്ന വിഷയത്തില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എസ് ജമാലും സംസാരിച്ചു.
വൈസ് പ്രസിഡന്റ് സുമ ലാല്‍ അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്, സ്ഥിരം സമിതി അധ്യക്ഷ•ാരായ പി കെ ഗോപന്‍, അനില്‍ എസ് കല്ലേലിഭാഗം, വസന്താ രമേശ്, കിലാ ഫാക്കല്‍റ്റി പ്രേം ലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.332/2021)

 

date