കോവിഡ് നിയന്ത്രണം: അനുസരിക്കാതിരുന്നാല്‍ നടപടി
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. കോവിഡ് നിയന്ത്രണങ്ങള്‍ അവലോകനം ചെയ്യാന്‍ ഇന്നലെ(ഫെബ്രുവരി 9) കൂടിയ ഗൂഗിള്‍ മീറ്റിലാണ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങളില്‍ കാര്‍ക്കശ്യം കുറഞ്ഞുവരുന്നതായി കാണുന്നു. ചിലര്‍ അലസമായി മാസ്‌ക്ക് ധരിക്കുന്നു, നിയന്ത്രണങ്ങളെ ഗൗരവമായി എടുക്കുന്നില്ല. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും നടപടികള്‍ പൊതുജനാരോഗ്യത്തെ കരുതി കര്‍ശനമാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
പത്തനാപുരത്ത് മാര്‍ക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചുകൂട്ടി നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പോലീസിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അവിടെ കോവിഡ് നിയന്ത്രണം കര്‍ശനമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാത്ത സെക്ടറല്‍ മജിസ്‌ട്രേട്ടുമാരില്‍ ആറുപേര്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ എ ഡി എം ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് നടത്തി മാപ്പിംഗ് കൃത്യമായി ചെയ്യാത്ത 13 സ്ഥാപനങ്ങളെ വിളിച്ചുവരുത്തി താക്കീത് നല്‍കിയതായി ഡെപ്യൂട്ടി ഡി എം ഒ ഡോ മണികണ്ഠന്‍ അറിയിച്ചു. പുനലൂരില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്ന 11 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ട്യൂഷന്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി, പരിശോധന ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
കോവിഡ് പ്രത്യേക ചുമതലയുള്ള ഡോ എസ് ചിത്ര, എ ഡി എം അലക്‌സ് പി തോമസ്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.333/2021)
- Log in to post comments