വിവിധ പദ്ധതികളുമായി ജില്ലാതല വിദഗ്ദ്ധ സമിതി യോഗം
ജില്ലാതല വിദഗ്ദ്ധ സമിതികളുടെ പരിഗണനക്ക് സമര്‍പ്പിച്ച തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ ജില്ലാതല വിദഗ്ദ്ധ സമിതിയോഗം ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി പ്രദീപ് കുമാര്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി ഇ.എന്‍ മോഹന്‍ദാസ് എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതി പദ്ധതികള്‍ അവലോകനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എല്‍. പി സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തെര്‍മല്‍ ഫ്‌ളാസ്‌കും ടിഫിന്‍ ബോക്‌സും നല്‍കുവാനുള്ള അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യവും സെക്കന്ററി പാലീയേറ്റീവ് കെയര്‍ യൂണിറ്റ് പദ്ധതിയുമാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കാനൊരുങ്ങുന്ന പദ്ധതികള്‍. ക്ലീന്‍ എടയൂര്‍ ഗ്രീന്‍ എടയൂര്‍ പദ്ധതി എടയൂര്‍ ഗ്രാമപഞ്ചായത്തും വീടുകളില്‍ തുണി സഞ്ചി വിതരണം പദ്ധതി നന്നമ്പ്ര ഗ്രാമപഞ്ചായത്തും വള്ളുവനാട് തനിമ (കലാ സാംസ്‌കാരിക കായിക വികസന പദ്ധതി) പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും നടപ്പാക്കാന്‍ ഒരുങ്ങുന്നു. സമഗ്ര വിദ്യാഭ്യാസ പരിപാടിക്കായുള്ള പദ്ധതി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തും കൗമാരശാക്തീകരണത്തിനായി ചിത്രശലഭ വിദ്യാലയം പദ്ധതി പുല്‍പറ്റ ഗ്രാമപഞ്ചായത്തും നടപ്പാക്കുന്നു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുവാനും നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കലാഗ്രാമം പദ്ധതിക്കും കാലടി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ നാടകക്കളരിയും ഗണിതോത്സവവും എന്ന പദ്ധതികളുമാണ് നടപ്പാക്കുന്നത്. വിദഗ്ദ്ധ സമിതി യോഗത്തില്‍ വിവിധ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.
- Log in to post comments