Skip to main content

പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ 71.22 ശതമാനമായി

മീസില്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെപ്പ് സ്‌കൂളുകളുടെ ഉത്തരവാദിത്തമായി കണ്ട് വിജയിപ്പിക്കാന്‍ എല്ലാ സ്ഥാപന മേധാവികളും തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശിച്ചു. നിരക്ഷരരോ വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവരോ ആയ രക്ഷിതാക്കളുടെ അഭിപ്രായമല്ല, കുട്ടികളുടെ ഭാവിയാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, മാനേജര്‍മാര്‍, പിടിഎ ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടത്തൊക്കെ എതിര്‍പ്പുമായി വരുന്നത് രക്ഷിതാക്കളല്ലാത്ത ചിലരാണ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടിയെടുക്കും. 
    സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ ഭാവി ഉറപ്പാക്കേണ്ടത് വിദ്യാലയങ്ങളുടെ കടമയാണ്. പ്രതിരോധ കുത്തിവെപ്പുകളുടെ പ്രധാന്യത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാത്തവരാണ് എതിര്‍പ്പുമായി രംഗത്തുവരുന്നത്. ഇത് കാര്യമാക്കേണ്ടതില്ല. രക്ഷിതാക്കളുടെ ബോധ്യത്തേക്കാള്‍ പ്രധാനം കുട്ടിയുടെ ആരോഗ്യമാണെന്ന് കാണണം. ജില്ലയില്‍ 71.22 ശതമാനം കുട്ടികള്‍ ഇതിനകം കുത്തിവെപ്പ് എടുത്തു.  കുത്തിവയ്‌പ്പെടുക്കേണ്ട 5,93,129 കുട്ടികളില്‍ 4,22,426 പേര്‍ ഇതിനകം കുത്തിവയ്‌പ്പെടുത്തു.  നാല് ലക്ഷത്തിലേറെയാണിത്. എന്നാല്‍ ഇതുവരെ എന്തെങ്കിലും പ്രശ്‌നം ഒരിടത്തുനിന്നും ഒരു കുട്ടിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
    രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയ അറിവ് പകര്‍ന്നുനല്‍കുകയെന്നതും മികച്ച വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇത് നിര്‍വഹിക്കാന്‍ അധ്യാപകരും രക്ഷാകര്‍തൃ സമിതികളും സ്‌കൂള്‍ മാനേജ്‌മെന്റുകളും തയ്യാറാകണം. ഇക്കാര്യത്തില്‍ ഉദാസീന സമീപനം അംഗീകരിക്കാനാവില്ല. കുത്തിവെപ്പ് എടുക്കാതെ ഭാവി തലമുറയെ രോഗസാധ്യതക്ക് വിട്ടുകൊടുത്ത് കൈയുംകെട്ടിയിരിക്കാന്‍ ഉത്തരവാദപ്പെട്ട അക്കാദമിക് സമൂഹത്തിന് കഴിയില്ലെന്നും കലക്ടര്‍ പറഞ്ഞു. ഈ ചുമതലബോധം ആത്മാര്‍ഥമായി നിര്‍വഹിച്ച സ്ഥലങ്ങളിലെല്ലാം മികച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. നേരത്തെ ഏറ്റവും പിറകിലായിരുന്ന സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിലും 80ഉം 90ഉം ശതമാനമായി കുത്തിവെപ്പ് നിരക്ക് ഉയര്‍ന്നത് ഇതിന്റെ തെളിവാണ്. നേരത്തെ 20 ശതമാനത്തില്‍ കുറവ് മാത്രം ഉണ്ടായിരുന്ന 56 സ്‌കൂളുകളില്‍ 10 ഓളം സ്‌കൂളുകളില്‍ 80ഉം 90ഉം ശതമാനമായി നിരക്ക് ഉയര്‍ന്നു. ഈ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ കലക്ടര്‍ ശ്ലാഘിച്ചു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ 99 ശതമാനം കുട്ടികളും കുത്തിവെപ്പ് എടുത്തു. പെരളശ്ശേരി എകെജി എച്ചഎസ്എസ്-92, കണ്ണൂര്‍ സെന്റ് തെരേസാസ്-91, വാരം സിഎച്ചഎം-91, കൂടാളി എച്ചഎസ്-91, സെന്റ് മേരീസ് പഴയങ്ങാടി-90, മട്ടന്നൂര്‍ എച്ചഎസ്എസ്-85 എന്നിങ്ങനെ മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂളുകള്‍ക്ക് ചടങ്ങില്‍ അനുമോദന പത്രം സമ്മാനിച്ചു.
    എല്ലാ സ്‌കൂളുകളും മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കി 100 ശതമാനമെന്ന ലക്ഷ്യം കൈവരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കുത്തിവെപ്പ് എടുക്കാന്‍ ഒരു തരത്തിലും സന്നദ്ധരല്ലാത്തവര്‍ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യുന്ന സമ്മതപത്രത്തില്‍ അക്കാര്യം എഴുതി ജില്ലാ കലക്ടറുടെ മേലൊപ്പോടു കൂടി സ്‌കൂളുകള്‍ക്ക് തിരിച്ചു നല്‍കണം. ഇങ്ങനെ നല്‍കാത്ത മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കാനുള്ള ക്രമീകരണം വിദ്യാലയ അധികൃതര്‍ ഒരുക്കണമെന്നും യോഗം നിര്‍ദേശിച്ചു.  ഡി എം ഒ ഡോ.കെ നാരായണ നായ്ക്ക്, ഡി പി എം ഡോ.ലതീഷ്, ഡെപ്യൂട്ടി ഡി എം ഒ ഡോ.രേഖ എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/4302/2017

date