കളക്ടേഴ്സ് അറ്റ് സ്കൂൾ: മികച്ച പ്രവർത്തനം നടത്തിയ വി.ഇ.ഒമാരെ ആദരിച്ചു
എറണാകുളം: വിദ്യാലയങ്ങളിലൂടെ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുന്നതിന് വിദ്യാർത്ഥികളെയും സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വില്ലേജ് എക്സ്ടെൻഷൻ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ എസ് സുഹാസ് ആദരിച്ചു. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ചടങ്ങിൽ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ വി.ഇ.ഒമാർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും പദ്ധതി നിർവഹണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ചടങ്ങിൽ വിവിധ ശുചിത്വ, മാലിന്യസംസ്കരണ പദ്ധതികൾ വിശദീകരിക്കുകയും ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും ചെയ്തു.
ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ പി.എച്ച് ഷൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത് കരുൺ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു , അസി.ഡെവലെപ്മെന്റ് കമ്മീഷണർ (ജനറൽ) ഷെറഫ് പി. ഹംസ, ലൈഫ് മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഏണെസ്റ്റ് പി. തോമസ് എന്നിവർ പ്രസംഗിച്ചു. അജൈവ മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ മാലിന്യം തരം തിരിക്കുന്ന വിഷയത്തിൽ ഹരിത കേരളം റിസോഴ്സ് പേഴ്സൺ പോൾ രാജ് ക്ലാസ്സെടുത്തു.
- Log in to post comments