ഇ എസ് ഐ സേവനങ്ങള്‍ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കും- മന്ത്രി ടി പി രാമകൃഷ്ണന്‍
ഇ എസ് ഐ കോര്‍പറേഷന്‍ നല്‍കി വരുന്ന സേവനങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് ചടങ്ങും കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം ഫാക്ടറി നമ്പര്‍ ഒന്നില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇ എസ് ഐ ഗുണഭോക്താക്കളായ കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി ചികിത്സയും പരിചരണവും ലഭ്യമാക്കുന്ന ഏറെ അഭിമാനകരമായ പദ്ധതിയാണിത്. തൊഴിലാളികളുടെ താത്പര്യം ഹനിക്കുന്ന ഏത് നടപടിയും ചെറുത്ത് അവരുടെ സംരക്ഷകരായി സര്‍ക്കാര്‍ ഒപ്പമുണ്ടാകും. പരമ്പരാഗത മേഖലയിലുള്‍പ്പടെ എല്ലാ വിഭാഗം തൊഴിലാളികളുടെയും അവകാശങ്ങളും അനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും ഒരുക്കാനായി, മന്ത്രി പറഞ്ഞു.
കൂടുതല്‍ തൊഴില്‍ മേഖലകളില്‍ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഒട്ടേറെ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ഇക്കാലയളവില്‍ നടപ്പിലാക്കിയെന്നും കിടപ്പ് രോഗികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ രാജ്യത്തിനാകെ മാതൃകയാവുന്ന ആദ്യത്തെ സംരംഭമാണ് മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
തൊഴിലാളികള്‍ക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെ മികച്ച ഉദാഹരണമാണ് മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റെന്ന് ചടങ്ങില്‍ പങ്കെടുത്ത നൗഷാദ് എം എല്‍ എ പറഞ്ഞു.
യൂണിറ്റിന് ആവശ്യമായ വാഹനം ബിവറേജസ് കോര്‍പ്പറേഷന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയത്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്കും യാത്രചെയ്യാന്‍ ശേഷിയില്ലാത്തവരുമായ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് യുണിറ്റിന്റെ സേവനം ലഭിക്കും.
മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ, വൈസ് പ്രസിഡന്റ് ജവാബ് റഹ്മാന്‍, ഇ എസ് ഐ കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് അംഗം വി രാധാകൃഷ്ണന്‍, റീജിയണല്‍ ബോര്‍ഡ് അംഗം എന്‍ പദ്മലോചനന്‍, തൊഴിലാളി നേതാക്കളായ ബി തുളസീധരക്കുറുപ്പ്, ജി ബാബു, എസ് വാരിജാക്ഷന്‍, സജി ഡി ആനന്ദ്, ആശ്രാമം ഇ എസ് ഐ സി ആശുപത്രി സൂപ്രണ്ട് ഡോ കരണ്‍ സിംഗ് സോളങ്കി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ സുധീര്‍ ബാബു, തൊഴിലാളികള്‍, ഫാക്ടറി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.376/2021)
- Log in to post comments