Skip to main content

നഷ്ടപ്പെട്ട സംഗീതം വീണ്ടെടുത്ത് സാന്ത്വന സ്പർശം അദാലത്ത്

നഷ്ടപ്പെട്ട സംഗീതം വീണ്ടെടുത്ത് സാന്ത്വന സ്പർശം അദാലത്ത്

എറണാകുളം : എല്ലാവരും ഗായകരാണ്. സംഗീതമാണ് അവരെ പരസ്പരം അടുപ്പിച്ചതും. തെരുവിൽ പാട്ടുകൾ പാടിയായിരുന്നു ഉപജീവനം. കോവിഡ് പ്രതിസന്ധിയിലാക്കിയത് വരുമാനമാണ്. പക്ഷേ അതിനേക്കാൾ സങ്കടം തോന്നിയത് വീട്ടിൽ ആകെയുണ്ടായിരുന്ന റേഡിയോ പാട്ടു മുടക്കിയതാണ്. പുറം ലോകവുമായി ആകെ ബന്ധമുണ്ടായിരുന്ന റേഡിയോ പണിമുടക്കിയപ്പോൾ ഭിന്നശേഷിക്കാരായ 13 പേരും സങ്കടക്കടലിലായി. റേഡിയോ ശരിയാക്കാൻ കൈയിൽ പണമില്ല. പുതിയത് വാങ്ങാനും നിർവാഹമില്ല. തുടർന്ന് സാന്ത്വന സ്പർശം അദാലത്തിൽ എത്തുകയായിരുന്നു കൂട്ടത്തിൽ സീനിയർ ആയ സി.ഉസ്മാൻ.  

തുമ്പിച്ചാൽ ചാലക്കലിലാണ് ഉസ്മാൻ അടങ്ങുന്ന 13 പേരുടെ താമസം. എല്ലാവരും ഭിന്നശേഷിക്കാരാണ്. സുമനസുകൾ അനുവദിച്ച വീട്ടിലാണ് താമസം. കാഴ്ചശക്തി ഇല്ലാത്ത 58 കാരനായ ഉസ്മാൻ രാവിലെ തന്നെ അദാലത്ത് നടക്കുന്ന യു സി കോളേജ് ഓഡിറ്റോറിയത്തിലെത്തി.  കൗണ്ടറിൽ പരാതി എന്തെന്ന ചോദ്യത്തിന് ഞങ്ങൾക്കൊരു റേഡിയോ വേണമെന്നായിരുന്നു  മറുപടി. തുടർന്ന് ആവശ്യം അധികാരികളെ അറിയിക്കുകയും കളക്ടർ എസ്.സു ഹാസ് ഇടപെട്ട് റേഡിയോ എത്തിക്കുകയുമായിരുന്നു. സാന്ത്വന സ്പർശം വേദിയിൽ മന്ത്രി ഇ.പി.ജയരാജൻ റേഡിയോ ഉസ്മാന് കൈമാറി. 
നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്. 13 പേരുണ്ട്. അനാലയങ്ങൾക്ക് സർക്കാർ നൽകുന്ന സ്പെഷൽ റേഷൻ കാർഡ് അനുവദിച്ചു തരണമെന്നും ഉസ്മാൻ അപേക്ഷിച്ചു. ഒരു മാസത്തിനുള്ളിൽ റേഷൻ കാർഡ് ശരിയാക്കാൻ മന്ത്രി ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി.   പ്രശ്നങ്ങൾ രണ്ടും പരിഹാരം കണ്ടെത്തിയ ഉസ്മാൻ എല്ലാവർക്കും നന്ദി പറഞ്ഞാണ് സഹായി ക്ലിഫോണിനൊപ്പം വേദി വിട്ടത്.

date