ഭവനം പദ്ധതി; തോട്ടം തൊഴിലാളികളുടെ സ്വപ്നസാഫല്യം; ആറ് വീടുകള്‍ കൈമാറി
പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ തോട്ടം തൊഴിലാളികള്‍ക്ക് സ്വപ്നസാഫല്യം, ആറ് പേര്‍ക്ക് സ്വന്തമായി വീടായി. കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരള, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഭവനം പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ച് നല്‍കിയത്. താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
തൊഴിലും നൈപുണ്യവും വകുപ്പിന് ഏറ്റവും ചാരിതാര്‍ത്ഥ്യമുള്ള പദ്ധതിയാണ് ഭവനം പദ്ധതി. ലയങ്ങളിലെ പരിമിതികളില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് പദ്ധതിവഴി സാക്ഷാത്കരിക്കുന്നത്. കുളത്തൂപ്പുഴയില്‍ പദ്ധതിയുടെ ആദ്യഘട്ടമായി 40 വീടുകളാണ് നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിത, ഭവനരഹിതരായ ശ്രീലങ്കന്‍ റീപാട്രിയേറ്റ് തൊഴിലാളികള്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടമായി ആര്‍ പി എല്ലില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ 2.3 കോടി രൂപ ചെലവില്‍ 40 വീടുകളാണ് നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ധനസഹായം നാല് ലക്ഷം രൂപയുടെ ഗ്രാന്റും ഫൊക്കാനയുടെ വിഹിതവും ചേര്‍ത്ത് 5.37 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ആറ് വീടുകള്‍ പൂര്‍ത്തീകരിച്ചത്. കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ രണ്ട് കിടപ്പുമുറി, ലിവിങ് കം ഡൈനിങ് മള്‍ട്ടി പര്‍പ്പസ് ഹാള്‍, അടുക്കള, ടോയ്ലറ്റ്, സിറ്റൗട്ട് എന്നീ സൗകര്യങ്ങളോടെയാണ് വീടുകള്‍.
വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനായി. മാനേജ്‌മെന്റ് നല്‍കുന്ന ഭൂമിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന ഒരു നൂതന പദ്ധതിയാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് തൊഴിലാളി സൗഹൃദമായ ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും നടത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂവക്കാട് സര്‍ക്കാര്‍ തമിഴ് മീഡിയം ഹൈ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ സെയ്ഫുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുധീര്‍, ആര്‍ പി എല്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ പമിഡി, ഭവനം ഫൗണ്ടേഷന്‍ കേരള ചീഫ് മാനേജിങ് ഓഫീസര്‍ ഡോ ജി എല്‍ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.461/2021)
- Log in to post comments