കാര്‍ഷിക രംഗത്ത് സമഗ്ര വികസനം സാധ്യമാകണം: മുഖ്യമന്ത്രി
* കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി
കാര്‍ഷിക രംഗത്ത് സമഗ്ര വികസനം സാധ്യമാകണമെന്നും നാടിന്റെ വികസനത്തിന് കാര്‍ഷിക രംഗത്തിന്റെ വികസനം പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍ഷക സംഘടനാ പ്രതിനിധികളുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
വിവിധ തരം കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. കൃഷിയില്‍ കേരളത്തിന്റേതായ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ തയ്യാറാക്കാനാവണം. ചില മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്കി പരിശ്രമിച്ചാല്‍ ഇത് സാധ്യമാകും. ലോകത്താകെ ഇന്ന് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാരുള്ളത്. നെല്‍ക്കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാനായി. നെല്ല് സംഭരണത്തില്‍ പാലക്കാട് ജില്ലയില്‍ മികച്ച തുടക്കമിടാനായി. സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കുന്ന നടപടി ശരിയായി മുന്നോട്ടു പോകുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ നടപടി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നാളീകേരത്തില് നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രാധാന്യം നല്‍കണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഈ രീതി വ്യാപിപ്പിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. കുരുമുളക് കൃഷിയില്‍ ഒരു കാലത്ത് കേരളമായിരുന്നു മുന്നില്‍. നന്നായി ശ്രമിച്ചാല്‍ പഴയ സ്ഥാനം വീണ്ടെടുക്കാനാവും. റബറിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ള കേന്ദ്ര നടപടി തിരുത്തിക്കേണ്ടിവരും. ഇതില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. ഏലം, തേയില കര്‍ഷകര്‍ക്കും സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. പച്ചക്കറി കൃഷിയില്‍ കുറേയേറെ മുന്നേറാനായി. ഒന്നു കൂടി ശ്രമിച്ചാല്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിര്‍ദ്ദേശങ്ങളും സംഘടനാ പ്രതിനിധികള്‍ അവതരിപ്പിച്ചു. കൃഷി, ധനം, റവന്യു, ഭക്ഷ്യ പൊതുവിതരണം, വനം, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേര്‍ന്ന് കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കര്‍ഷക പെന്ഷന് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ച കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. റബറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കേന്ദ്രം രൂപീകരിച്ച റബര്‍ ടാസ്ക് ഫോഴ്സിന്റെ അധ്യക്ഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയാണ്. ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അനുകൂല നടപടിയുണ്ടാവും. 4,53,000 മെട്രിക് ടണ്‍ നെല്ല് ഈ സീസണില്‍ സംഭരിച്ചു. 857 കോടി രൂപ കര്‍ഷകര്‍ക്ക് നല്കി. ബാക്കി തുക ഈ മാസം തന്നെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവ കയറ്റുമതി ചെയ്യുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. കാപ്പി കര്‍ഷകരുടെ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ കോഫി ബ്രാന്‍ഡ് തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുന്നു. റബര്‍ മേഖലയില്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമായി. സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നെല്ല് സംഭരണ പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. കൃഷി ഭവനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൃഷിഭവനുകളിലേക്ക് 252 നിയമനം നടത്തി. ഇനി 24 ഒഴിവു മാത്രമാണുള്ളത്. കൃഷി ഭവനുകളെ കാലക്രമേണ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളാക്കും. നിലവില്‍ 202 പ്ലാന്റ് ഹെല്‍ത്ത് ക്ളിനിക്കുകളുണ്ട്. ഒന്നരമാസത്തിനകം പത്തു ലക്ഷം കര്‍ഷകരെ പങ്കെടുപ്പിച്ച് വാര്‍ഡ് തലത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കും. തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി പതിനാലു ദിവസം നീണ്ടു നില്ക്കുന്ന ഞാറ്റുവേല ചന്തകള്‍ എല്ലാ കൃഷി ഭവനുകള്‍ക്കു കീഴിലും സംഘടിപ്പിക്കും.
കേന്ദ്ര സംസ്ഥാന തെങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവരെ ഉള്‍പ്പെടുത്തി കൃഷി മന്ത്രി അധ്യക്ഷനായി നാളീകേര മിഷന് രൂപീകരിക്കും. വേങ്ങേരിയില്‍ നാളീകേര ട്രേഡിംഗ് സെന്റര്‍ ആരംഭിക്കും. പേരാമ്പ്രയില്‍ നാളീകേര മൂല്യവര്‍ദ്ധത പാര്‍ക്ക് സ്ഥാപിക്കും. കേരഫെഡിന്റെ മേല്‍നോട്ടത്തില്‍ കേര കര്‍ഷക സഹകരണ സംഘങ്ങള്‍ വഴി നാളീകേരം സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പി.എന്‍.എക്സ്.1715/18
- Log in to post comments