Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ്; കര്‍ഷക ക്ഷേമം, സമഗ്ര ക്ഷേമം

മുന്‍ വര്‍ഷങ്ങളിലെ അഭിമാന പദ്ധതികള്‍ തുടരുന്നതോടൊപ്പം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ്. കാര്‍ഷിക-പരിസ്ഥിതി-ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് സ്ത്രീ സൗഹൃദ ബജറ്റ് കൂടിയാണ്. നൂതനവും ഭാവനാപൂര്‍ണവുമായ പദ്ധതികളുമായി 1,58,36,49,785 രൂപ വരവും 1,51,75,22,000 രൂപ ചെലവും 6,61,27,785 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ സുമ ലാല്‍ അവതരിപ്പിച്ചത്.
ജില്ലയിലെ നെല്‍കൃഷി വികസനത്തിന് സഹായമേകുന്ന 'പൊലിയോ പൊലി' പദ്ധതിക്കായി ഒരു കോടി രൂപയും സ്‌കൂള്‍ കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തുന്നതിനായി 'രണ്ടിടങ്ങഴി', 'ചിങ്ങപുലരി' പദ്ധതികള്‍ക്ക് യഥാക്രമം 50 ലക്ഷം രൂപ വീതവും നീക്കിവെച്ചിരിക്കുന്നു. കുര്യോട്ടുമല, കോട്ടുക്കല്‍, തോട്ടത്തറ, കരുനാഗപ്പള്ളി ഫാമുകളില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ ബ്രാന്‍ഡിംഗോട് കൂടിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സമ്മിശ്ര കൃഷി പ്രോത്സാഹിപ്പിക്കാന്‍ 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ഫാം കൗണ്ടര്‍ സ്ഥാപിക്കുവാന്‍ 10 ലക്ഷം രൂപയും ഗ്രാമീണ വിപണന കേന്ദ്രങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള പദ്ധതിക്ക് 30 ലക്ഷം രൂപയുമാണ്  വകയിരുത്തിയിട്ടുള്ളത്.
മൃഗ സംരക്ഷണവും ക്ഷീരവികസനവും ലക്ഷ്യമിടുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഫാം ടൂറിസത്തിനായി 200 ലക്ഷം രൂപയും ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലക്‌സില്‍ നിന്നും കോഴിത്തീറ്റ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന ചിക്കൂസ് കോഴിത്തീറ്റ എന്ന നൂതന പദ്ധതിക്ക് 40 ലക്ഷം രൂപയും ന്യായവിലയ്ക്ക് വെറ്റിനറി മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കാമധേനു മെഡിക്കല്‍ ഷോപ്പ് പദ്ധതിക്ക് 30 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. ക്ഷീര വികസനത്തിന് 200 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പടുതാകുളം ബയോഫ്‌ളോക് മത്സ്യ കൃഷിക്കായി 70 ലക്ഷം രൂപ, ഫിഷ് മാര്‍ക്കറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 15 ലക്ഷം രൂപ, അലങ്കാര മത്സ്യ കൃഷിക്ക് 10 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു.
വ്യവസായ മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ ഫീനിക്‌സ് പദ്ധതിക്ക് 100 ലക്ഷം രൂപയും പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ പൈതൃകം പദ്ധതിക്ക് 100 ലക്ഷം രൂപയും സഹകരണ മേഖലയെ ശക്തിപ്പെടുത്തുവാന്‍ സംഘശക്തി പദ്ധതിക്ക് 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ സമഗ്ര വികസനത്തിന് ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വൃക്ക രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി നടപ്പിലാക്കി വരുന്ന ജീവനം പദ്ധതി നെടുങ്ങോലം രാമറാവു ആശുപത്രിയിലേക്കും വ്യാപിപ്പിക്കും. കുട്ടി ഡോക്ടര്‍ പദ്ധതിക്ക് 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സാന്ത്വന പരിചരണം പദ്ധതിക്ക് 10 ലക്ഷം, ഫോറന്‍സിക് വിഭാഗം വന്ദനം പദ്ധതിക്ക് രണ്ട് ലക്ഷം, ദന്തല്‍ വിഭാഗം സുസ്മിതം പദ്ധതിക്ക് 20 ലക്ഷം രൂപയും ഒഫ്ത്താല്‍മോളജി വിഭാഗം നയനം പദ്ധതിക്ക് 30 ലക്ഷം രൂപയും ജില്ലാ ആശുപത്രി വികസന പദ്ധതിക്ക് ആകെ 410 ലക്ഷം രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിന്  200 ലക്ഷം രൂപയും  ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിന് 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ മിനി ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ മാതൃകാ ലൈബ്രറികള്‍ ഒരുക്കും ആദ്യഘട്ടം 25 സ്‌കൂളുകളിലാണ് ഇത് നടപ്പാക്കുക. 500 ലേറെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടുംബശ്രീയുടെ കഫേകള്‍ ആരംഭിക്കും.
സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പകല്‍വീടുകള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ ഒരുക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നടപ്പാക്കുന്ന ഉണര്‍വ് പദ്ധതിക്ക് 10 ലക്ഷം രൂപയും കാഴ്ച പരിമിതര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കും കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്ന പ്രതീക്ഷ പദ്ധതിയും നടപ്പിലാക്കും. പട്ടികജാതി സാങ്കേതങ്ങളില്‍ സോളാര്‍ മിനി ലൈറ്റുകള്‍ സ്ഥാപിക്കുന്ന സൗര ശോഭ പദ്ധതിക്ക് 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികജാതി, പട്ടിക വര്‍ഗ വികസനത്തിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന നിബോധിത, പ്രതിഭാ പിന്തുണ, സാഫല്യം പദ്ധതികള്‍ വരും വര്‍ഷവും തുടരും.
സ്ത്രീസൗഹൃദപരമായ ബജറ്റ് നിരവധി പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. വനിതകള്‍ക്ക് വീടുകള്‍ കേന്ദ്രീകരിച്ച് ചെറുകിട ഉത്പാദന സേവന സംരംഭങ്ങള്‍ ആരംഭിക്കുന്ന ഗൃഹശ്രീ പദ്ധതി, സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായി കരുതല്‍, നിര്‍ഭയ പദ്ധതികള്‍ക്കും ബജറ്റില്‍ വ്യക്തമായ ഇടം നല്‍കിയിരിക്കുന്നു.
പരിസ്ഥിതിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റിലൂടെ ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂര്യകിരണം പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കാലാവസ്ഥാ വ്യതിയാന പഠനത്തിന് 50 ലക്ഷം രൂപയും മിയാവാക്കി ഹരിതഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപയും നദികളുടെ സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തെളിനീര്‍ പദ്ധതിക്ക് 75 ലക്ഷം, ശാസ്താംകോട്ട തടാക സംരക്ഷണ പദ്ധതി - ഹരിത തീരത്തിന് 75 ലക്ഷം, കണ്ടല്‍ സംരക്ഷണം ലക്ഷ്യമിടുന്ന കണ്ടലഴക് പദ്ധതിക്ക് 10 ലക്ഷം രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്.
യുവജന ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കിയ ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ 2021-22 വര്‍ഷത്തില്‍ അഞ്ചേണ്ണം കൂടി നിര്‍മ്മിക്കും. സ്‌കൂളുകളില്‍ നടപ്പാക്കുന്ന മിനി ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ക്ക് പുറമേയാണിത്. ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, കബഡി എന്നീ കായിക ഇനങ്ങളില്‍ ജില്ലാ ടീമുകള്‍ രൂപീകരിക്കും. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്ന ഡോള്‍ഫിന്‍, കായിക വികസനത്തിനായി കളിക്കളം പദ്ധതി എന്നിവ ബജറ്റില്‍ ശ്രദ്ധേയങ്ങളായ പദ്ധതികളാണ്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ•ാരായ പി കെ ഗോപന്‍, ജെ നജീബത്ത്, വസന്ത രമേശ്, അനില്‍ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സെക്രട്ടറി കെ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.473/2021)

date