Skip to main content

ജലലഭ്യത: സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും  റീചാര്‍ജ് ചെയ്യണം: മന്ത്രി കെ ടി ജലീല്‍

 

കൊച്ചി: ജലലഭ്യത സംബന്ധിച്ച കാര്യങ്ങളില്‍ സ്വയം പര്യാപ്തതയുള്ള സംസ്ഥാനമായി കേരളത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും റീചാര്‍ജ്  ചെയ്യണം. ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള പ്രധാനനദികളില്‍ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി തടയണകള്‍ നിര്‍മിക്കണമെന്നും മന്ത്രി പറഞ്ഞു.  ജലസംരക്ഷണം, നദികളുടെ പുന:രുജ്ജീവനം, ഭവന നിര്‍മ്മാണം (ലൈഫ് പദ്ധതിയില്‍), വനവത്കരണം എന്നിവയില്‍ ഫലപ്രദമായ ഇടപെടലുകള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയിലൂടെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കലൂരിലുളള കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ മെമ്മോറിയല്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ജലസംരക്ഷണവും ഭവനനിര്‍മാണവും എന്ന സംസ്ഥാനതലശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്ഥായിയും ജനങ്ങള്‍ക്ക് ഫലപ്രദവുമായ വികസനപ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നതില്‍ കേരളം ഇനിയും മെച്ചപ്പെടാനുണ്ട്. പലപ്പോഴും ഇത് തൊഴില്‍ 'ഇരിപ്പു” പദ്ധതിയായി മാറുന്നുണ്ട്. 155 ഇനം പ്രവൃത്തികള്‍ പദ്ധതിയില്‍ ഏറ്റെടുത്ത് നടത്താം. ഉദേ്യാഗസ്ഥര്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും പ്രവൃത്തികള്‍ ഏറ്റെടുത്ത് ഫലപ്രദമായ വികസനത്തിന് വഴിതെളിക്കണമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. 

തൊഴിലുറപ്പു പദ്ധതി തൊഴില്‍ 'ഉഴപ്പു” പദ്ധതിയായി മാറരുതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പറഞ്ഞു. പട്ടികവര്‍ഗവിഭാഗത്തില്‍പെട്ട എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്കെങ്കിലും തൊഴില്‍ കാര്‍ഡ് നല്കണം. ഏറ്റവും കുറവ് 200 ദിവസമെങ്കിലും ഇവര്‍ക്ക് തൊഴിലുറപ്പാക്കണമെന്നും ടി കെ ജോസ് പറഞ്ഞു. ലൈഫ് പദ്ധതിയില്‍ പെടുത്തി സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കുന്ന പ്രക്രിയയില്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ക്ക് സജീവപങ്കാളിത്തം വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

 

മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് മിഷന്‍ ഡയറക്ടര്‍ ഡോ ടി മിത്ര, കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ എസ് സി ജോഷി, എറണാകുളം ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ ജി തിലകന്‍  തുടങ്ങിയവര്‍ സംസാരിച്ചു. ജലസംരക്ഷണപ്രവര്‍ത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ച് ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ ആര്‍ അജയകുമാര്‍ വര്‍മ, ലൈഫ് ഭവനനിര്‍മാണ പദ്ധതിയും തൊഴിലുറപ്പുമായുള്ള സംയോജനസാധ്യതകളെക്കുറിച്ച് ലൈഫ് മിഷന്‍ ഡെപ്യൂട്ടി സിഇഒ ബിനു ഫ്രാന്‍സിസ്,  തൊഴിലുറപ്പു പദ്ധതിയിലൂടെയുള്ള ജലസംരക്ഷണപ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രോഗ്രാം ഓഫീസര്‍ പി ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. 

date