Skip to main content

മരിയാലയം അന്തേവാസികള്‍ക്ക് ബെഡ്ഷീറ്റ് വിതരണം 

കൊച്ചി: മെയ് 12 ന് നടക്കുന്ന ലോക നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി പനങ്ങാട് മരിയാലയം വൃദ്ധസദത്തിലെ അന്തേവാസികള്‍ക്ക് ബെഡ്ഷീറ്റ് വിതരണം ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള നഴ്‌സിംഗ് ജീവനക്കാരാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളോടൊപ്പം ബെഡ്ഷീറ്റ് വിതരണവും നടത്തിയത്. 21 സ്ത്രീകളാണ് മരിയാലയത്തിലുള്ളത്. ഒറീസയില്‍ നിന്നുള്ള ഒരാള്‍ ഒഴിച്ച് ബാക്കി എല്ലാവരും മലയാളികളാണ്. 

എറണാകുളം ജില്ല നഴ്‌സിംഗ് ഓഫീസര്‍ എ.ജെ. ഡാര്‍ളിയുടെ നേതൃത്വത്തിലുള്ള നഴ്‌സിംഗ് സംഘമാണ് മരിയാലയം സന്ദര്‍ശനത്തിനായി എത്തിയത്. എറണാകുളം ജനറല്‍ ആശുപത്രി, പറവൂര്‍, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രികള്‍, കരിവേലിപ്പടി മഹാരാജാസ് ഗവണ്‍മെന്റ് ആശുപത്രി, കളമശേരി മെഡിക്കല്‍ കോളേജ്, ആലുവ ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് എന്നിവിടങ്ങളിലെ ജീവനക്കാരാണ് സംഘത്തില്‍ ഉണ്ടായത്. എല്ലാ അന്തേവാസികള്‍ക്കുമുള്ള ബെഡ്ഷീറ്റും ഒരു നേരത്തെ ആഹാരവുമായാണ് ഇവര്‍ എത്തിയത്.

2015 ഏപ്രില്‍ 21ന് ആരംഭിച്ച മരിയാലയം സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ മാനസ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ജോലി ചെയ്തിരുന്നവരാണ്. 

നഴ്‌സിംഗ് ദിനാചരണത്തോടനുബന്ധിച്ച് മെയ് 6 മുതല്‍ 12 വരെ വിവിധ പരിപാടികളോടെയാണ് നഴ്‌സസ് വാരാഘോഷം നടത്തുന്നത്.  ആഘോഷ പരിപാടികള്‍ക്ക് മെയ് 6 ന് ആലുവ ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിച്ചു. നഴ്‌സസ് ദിനാഘോഷം മെയ് 12ന് രാവിലെ 10 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ പ്രൊഫ. കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്യും.

 

date