വീണ്ടെടുക്കാം ജലശൃംഖലകള്‍ ഇനി ഞാന്‍ ഒഴുകട്ടെ -മൂന്നാംഘട്ടം- ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കം
വീണ്ടെടുക്കാം ജലശൃംഖലകള്‍
ഇനി ഞാന്‍ ഒഴുകട്ടെ -മൂന്നാംഘട്ടം- ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കം
എറണാകുളം: ഹരിത കേരളം മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന‘ഇനി ഞാന്‍ ഒഴുകട്ടെ' ജനകീയ ക്യാമ്പയിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ രായമംഗലം പഞ്ചായത്തില്‍ തുടക്കമായി. രായമംഗലം പഞ്ചായത്ത് 14-ാം വാര്‍ഡിലെ വലിയതോട് ശുചീകരണം ഉദ്ഘാടനം ട്രാന്‍സ്ഫോര്‍സ് & ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍ നിര്‍വ്വഹിച്ചു.
മണലെടുപ്പ് ഉൾപ്പെടെയുള്ള പ്രകൃതിചൂഷണം കാരണം നമ്മുടെ പുഴകളും ജലാശയങ്ങളും നശിച്ചുതുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃതിയും പുഴകളും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷൻ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയ്ക്ക് രൂപം കൊടുത്തത്.
പുഴയെ വീണ്ടെടുക്കുക, തീരങ്ങൾ വീണ്ടെടുക്കുക, തീരങ്ങളിലെ നിർമാണപ്രവർത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളിൽ തടയണ നിർമിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ വലിയ മാറ്റങ്ങൾക്കാൻ സാക്ഷ്യം വഹിച്ചത്.
പുഴകളെ രക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതകേരളം മിഷനും ഒത്തു ചേർന്നപ്പോൾ പല നീർച്ചകുകളും അതിന്റെ പൂർവ്വാവസ്ഥയിലേക്ക് തിരിച്ചു വന്നു. 2019 ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിനിലൂടെ 915 കിലോ മീറ്ററോളം നീര്‍ച്ചാലുകളാണ് ജില്ലയില്‍ പുനരുജ്ജീവിപ്പിക്കാനായത്.
നീർച്ചാലുകളുടെ പുനരുജ്ജീവനം പൂര്‍ണ്ണമാകണമെങ്കില്‍ ആ നീര്‍ച്ചാല്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ശൃംഖലയും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. അതിനാൽ തന്നെ നീർച്ചാലുകളുടെ കൈവഴികളെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട് 2021 ഫെബ്രുവരി 12 മുതല്‍ ഇനി ഞാന്‍ ഒഴുകട്ടെ- മൂന്നാംഘട്ടം- ‘വീണ്ടെടുക്കാം ജലശൃംഖലകള്‍’ എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ ഹരിത കേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നീർചാലുകളുടെ പുനരുജീവനം സാധ്യമാക്കി കൊണ്ടിരിക്കുകയാണ്.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ എൻ. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ദീപ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബിക മുരളിധരൻ, ബീന ഗോപിനാഥ്, പഞ്ചായത്ത് അംഗങ്ങൾ ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റര്‍ സുജിത് കരുണ്‍ മറ്റു ജനപ്രതിനിധികളും നാട്ടുകാരും, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരും ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരും പങ്കെടുത്തു.
- Log in to post comments