Skip to main content

തിരുമുറ്റത്തേക്ക് ക്ഷണിച്ച് താരങ്ങൾ;  ആവേശകരമായ വരവേൽപ് 

പൊതുവിദ്യാലയ സംരക്ഷണത്തിനായി കൂടുതൽ വിദ്യാർഥികളെ ചേർക്കുന്നതിനായുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയേറുന്നു. ജില്ലാ പഞ്ചായത്തിന്റെ 'തിരികെ തിരുമുറ്റത്തേക്ക്' പദ്ധതിയുടെ ഭാഗമായി പ്രസിഡൻറ് കെ വി സുമേഷിന്റെ നേതൃത്വത്തിൽ താരങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും വീടുകളിലെത്തിയപ്പോൾ ആവേശകരമായ വരവേൽപ് ലഭിച്ചു. സർക്കാർ സ്‌കൂളിന്റെ പ്രാധാന്യം ബോധ്യമാക്കുന്നതിന് മീൻകുന്ന് ഹയർസെക്കന്ററി സ്‌കൂളിന് സമീപം ശ്രീനിലയത്തിൽ അമർനാഥിന്റെയും പള്ളിക്കരമ്മൽ അൽഅമീന്റെയും വീടുകളിലാണ് ഫുട്‌ബോൾ താരം സികെ വിനീതും ബാലതാരം മാസ്റ്റർ അഭിനന്ദും ബുധനാഴ്ച എത്തിയത്. 

ഇരു വീടുകളിലുമായി സമീപ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ 13 വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിൽ ചേരാൻ കാത്തുനിന്നിരുന്നു. പൊതുവിദ്യാലയ മികവിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചാണ് വിനീതും അഭിനന്ദും കുട്ടിളെ  സ്‌കൂളിലേക്ക് ക്ഷണിച്ചത്. നിങ്ങളുടെ മക്കൾ ബിരുദം നേടി റോബോട്ടുകളെ പോലെയാകണമെങ്കിൽ നിങ്ങൾ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് ചേർത്തോളൂ, അല്ല കുട്ടികൾ സമൂഹത്തെ അറിഞ്ഞ് സാമൂഹ്യ ജീവിയായി ജീവിക്കണമെങ്കിൽ സർക്കാർ എയ്ഡഡ് സ്‌കൂളിൽ തന്നെ പഠിപ്പിക്കണമെന്ന്, തന്റെ അനുഭവം പറഞ്ഞ് സികെ വിനീത് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. മികച്ച ബാലതാരമായതിനൊപ്പം എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതും പൊതു വിദ്യാലയത്തിന്റെ മികവാണെന്ന് അഭിനന്ദും പറഞ്ഞു. 

    അൽഅമീന്റെ വീട്ടിൽ ഫുട്‌ബോൾ കളിച്ചാണ് അതിഥികളെ വരവേറ്റത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ദിവ്യ,  അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌സി പ്രസന്ന, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ കെ പി ജയപാലൻ, അംഗങ്ങളായ അജിത്ത് മാട്ടൂൽ, പി പി ഷാജിർ, പഞ്ചായത്തംഗം ടിവി വിജയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ഡിഡി സിഐ വൽസല, ഡിഇഒ കെ ലീല,  ആർഎംഎസ്എ പ്രൊഗ്രാം ഓഫീസർ കൃഷ്ണദാസ്, എസ്എസ്എ പ്രോഗ്രാം ഓഫീസർ കെആർ അശോകൻ, ഡയറ്റ് പ്രിൻസിപ്പൾ കെയു രമേശൻ, ടിപി വേണുഗോപാൽ, പാപ്പിനിശേരി എഇഒ എച്ച് ഹെലൻ, കണ്ണൂർ നോർത്ത് എഇഒ കെ വി സുരേന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൾ സി കെ രാജീവൻ, പ്രധാനധ്യാപകൻ സിടി സുശീല, പിടിഎ പ്രസിഡന്റ് സി ഹരിദാസ് തുടങ്ങിയവരും കുട്ടികളെ സ്‌കൂളിലേക്ക് ക്ഷണിക്കാൻ വീടുകളിലെത്തി. 

അഴീക്കോട് മീൻകുന്ന്  ഹയർസെക്കൻഡറി സ്‌കൂളിൽ ബുധനാഴ്ച ഒന്നാം ക്ലാസിൽ 13 കുട്ടികൾ പുതുതായി ചേർന്നു. ജില്ലാ പഞ്ചായത്ത് തിരികെ തിരുമുറ്റത്തേക്ക് പദ്ധതി കഴിഞ്ഞ വർഷം നടത്തിയതിന്റെ ഭാഗമായി ജില്ലയിൽ 11,250 വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്ക് കൂടുതലായി ചേർന്നിരുന്നു.  പൊതുവിദ്യാഭ്യാസ മേഖല മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് സർക്കാർ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് സർക്കാർ എയ്ഡഡ് മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. 

 

date