മതേതരത്വ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ കഴിയണം: കെ വി സുമേഷ്
ക്ലാസ് മുറികളിലെ ഇടപെടലിലൂടെ മതനിരപേക്ഷ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. ജില്ലാ പഞ്ചായത്ത് ഹാളിൽ ഡി.ഇഒ-എ.ഇ.ഒ മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് എന്ത് നടന്നാലും ജാതി-മത വിഭാഗീയതയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വ മനോഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ പൊതു വിദ്യാലയങ്ങൾ ഇതിനായി പ്രത്യേക താൽപര്യമെടുക്കേണ്ടതാണ്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷം 25000 കുട്ടികളെ പുതുതായി എത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 'തിരികെ തിരുമുറ്റത്തേക്ക്' പദ്ധതിയുടെ ഭാഗമായി ക്യാമ്പയിനുകളും പ്രവേശനോത്സവങ്ങളും സംഘടിപ്പിക്കും. തിരഞ്ഞെടുത്ത വിദ്യാലങ്ങളിലായിരിക്കും പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കുക. ഇതിന്റെ മുന്നോടിയായി എ.ഇ.ഒ, ഡി.ഇ.ഒ, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാർ, എച്ച്.എം, പി.ടി.എ, എന്നിവരെ ഉൾപ്പെടുത്തി ഉപജില്ല, പഞ്ചായത്ത്, വാർഡ് തല ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാലങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലനം നടക്കുകയാണ്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി ഐ വത്സല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം അജിത്ത് മാട്ടൂൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ആർ.എം.എസ്.എ പ്രൊജക്ട് ഓഫീസർ കൃഷ്ണദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments