പ്രൊജക്ടർ മുറിയുടെ മൂലയിലേക്കൊതുങ്ങിയ സ്പ്ലൈസറും സ്പൂളും ക്യാനും
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്ത് തിയേറ്റർ പ്രൊജക്ടർ റൂമുകളുടെ പിൻനിരയിലേക്ക് ഒതുങ്ങിപ്പോയവയാണ് സ്പ്ലൈസർ മെഷീനും സ്പൂളും ക്യാനുമെല്ലാം.
ഫിലിം റീലുകളുടെ പ്രൊജക്ഷൻ കാലത്ത് ഫിലിം റീലിൻ്റെ വശങ്ങളിലൂടെ പ്രൊജക്ടറിൻ്റെ പൽച്ചക്രങ്ങൾ കയറിയിറങ്ങുന്ന ശബ്ദം സിനിമാപ്രേമികളിൽ ഗൃഹാതുരത നിറയ്ക്കുന്നതാണ്. ആധുനിക ഡിജിറ്റൽ സങ്കേതങ്ങളിലേക്ക് സിനിമയും പ്രൊജക്ഷനും വഴിമാറിയതോടെയാണ് സ്പ്ലൈസർ മെഷീൻ ഉപയോഗശൂന്യമായത്. സിനിമാ പ്രദർശനത്തിനിടയിലോ ഫിലിം റീലുകൾ മാറ്റുന്ന സമയത്തോ ഒക്കെ പോളിസ്റ്റർ ഫിലിം പ്രിൻ്റുകൾ പൊട്ടിപ്പോയാൽ അതു കൂട്ടിയോജിപ്പിക്കാനാണ് സ്പ്ലൈസർ മെഷീൻ ഉപയോഗിച്ചിരുന്നത്. സിനിമ പ്രദർശനം നടക്കുന്ന സമയത്താണെങ്കിലും പ്രദർശനം നിർത്താതെ സ്പ്ലൈസർ മെഷീൻ വഴി ഫിലിമുകൾ കൂട്ടിയോജിപ്പിക്കാനാകും. ഫിലിം റീലുകൾ ചുറ്റിവെയ്ക്കുന്നത് സ്പൂളിലാണ്. സ്പൂൾ സൂക്ഷിക്കുന്ന കണ്ടെയ്നറാണ് ക്യാൻ. 4 കെ, 8 കെ റെസല്യൂഷനിൽ പ്രദർശനം സാധ്യമാകുന്ന ഡിജിറ്റൽ പ്രൊജക്ടറാണ് ഇന്ന് തിയേറ്ററുകളിൽ ഉപയോഗിക്കുന്നത്. പ്രൊജക്ടറുകളെ അപേക്ഷിച്ച് കൂടുതൽ മിഴിവും തെളിമയും ആഴവുമുള്ള ചിത്രങ്ങളാണ് ഡിജിറ്റൽ പ്രൊജക്ഷൻ സാധ്യമാക്കുന്നത്. കൊച്ചി അന്താരാഷ്ട്ര മേള നടക്കുന്ന സരിത, സവിത, സംഗീത തീയേറ്ററുകളുടെ പ്രൊജക്ടർ മുറികളിൽ നിന്നാണ് ഈ വിശേഷങ്ങൾ.
- Log in to post comments