Skip to main content

നിറഞ്ഞ സദസ്സിൽ കഥപറഞ്ഞ് ' വാസന്തി '

ഐഎഫ്എഫ്കെയുടെ രണ്ടാം പതിപ്പിലെ നാലാം ദിവസമായ ഇന്നലെ നിറഞ്ഞ സദസ്സിൽ കയ്യടി നേടി വാസന്തി. നാടക നടിയായ വാസന്തിയുടെ ജീവിതമാണ് നാടകരൂപേണ കഥയിൽ അനാവരണം ചെയ്യപ്പെടുന്നത്. ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്നാണ്  ‘വാസന്തി’ സംവിധാനം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ചിത്രം കഴിഞ്ഞ വർഷത്തെ മികച്ച സിനിമയ്ക്കും  മികച്ച തിരക്കഥയ്ക്കുമുള്ള  സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു. വാസന്തി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ സ്വാസികയ്ക്ക് കഴിഞ്ഞ വർഷത്തെ മികച്ച സ്വഭാവ നടിക്കുള്ള അവാർഡും ലഭിച്ചു. വാസന്തിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന പുരുഷന്മാരുടെ വിവരങ്ങളിലൂടെ ആണ് കഥ പോകുന്നത്. 

 

സ്ത്രീകളെ ലക്ഷ്യംവെച്ചുള്ള പുരുഷാധിപത്യ രീതി പിന്തുടരുന്ന ചിത്രമാണോ വാസന്തി എന്ന ചോദ്യത്തിന് അത് സാഹചര്യങ്ങൾക്ക് അനുസൃതമാമെന്നും എന്നാൽ എല്ലാ മനുഷ്യന്മാരിൽ നിന്നും അത് ഉറപ്പായും ഒരിക്കൽ പുറത്തുവരുന്നതാണെന്നും ചിത്രത്തിന്റെ നിർമ്മാതാവ് സിജു വിത്സൺ അഭിപ്രായപ്പെട്ടു. പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന നാടക രീതിയിൽ ചിത്രം എടുക്കുക എന്നത് സംവിധായകന്റെ മനസിലെ കാഴ്ചപാടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതവും നാടകവും ഉടനീളം ചിത്രത്തിൽ പ്രതിഫലിക്കുന്നതിനാൽ അതിനെ ഒരേ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരാൾ എന്ന നിലയിലാണ് സ്വാസികകയെ വാസന്തിയായി തിരഞ്ഞെടുത്തതെന്നും സിജു വിത്സൺ പറഞ്ഞു. സിനിമ പ്രദർശനത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

date