പ്രശ്ന ബാധിത ബൂത്തുകളിലെ പോളിംഗ് ഏജന്‍റുമാര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കും : ടീക്കാറാം മീണ
എറണാകുളം: സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ശക്തമായ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണ. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ജില്ലയില്‍ 21 പ്രശ്നബാധിത ബൂത്തുകള്‍ ഉള്ളതായി അറിയിച്ചു. ദുര്‍ബലവിഭാഗത്തിലെ വോട്ടർമാരെ ദുരുപയോഗിക്കാന്‍ സാധ്യതയുള്ള ഒറ്റ ബൂത്തുകളും ജില്ലയിലില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോജിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കും.
മൂന്ന് വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഒരുക്കുന്നത്. 80 വയസ്സ് പൂര്‍ത്തിയായവര്‍, ഭിന്നശേഷിയുള്ളവര്‍, കോവിഡ് ബാധിതര്‍ എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം പഞ്ചായത്ത് തിരഞ്ഞെടുപ്പിലേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ പട്ടിക ജില്ലാതലത്തില്‍ തയ്യാറാക്കും. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ മുഖേനെയാണ് പോസ്റ്റല്‍ വോട്ടിംഗ് നടത്തുന്നത്. പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം അര്‍ഹത ഉറപ്പാക്കിയാണ് നല്‍കുന്നത്. സഞ്ചരിക്കുന്ന പോളിംഗ് സ്റ്റേഷന്‍റെ മാതൃകയിലാകും പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം പ്രവര്‍ത്തിക്കുക. പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ഈ പ്രത്യേക സംഘമായിരിക്കും നടത്തുക. സംഘത്തില്‍ രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ , അതാത് പ്രദേശത്തെ ബി.എല്‍.ഒമാര്‍ എന്നിവര്‍ ഉണ്ടായിരിക്കും. പോസ്റ്റല്‍ ബാലറ്റ് വിതരണ സമയം എല്ലാ സ്ഥാനാര്‍ത്ഥികളെയും മുന്‍കൂട്ടി അറിയിക്കും. സ്ഥാനാര്‍ത്ഥിയോ പോളിംഗ് ഏജന്‍റിനോ ഈ സംഘത്തിനൊപ്പം ചേരാം. പോസ്റ്റല്‍ വോട്ടിംഗ് നടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി, ഏജന്‍റ് അടക്കമുള്ളവര്‍ പുറത്ത് നില്‍ക്കണം. കോവിഡ് രോഗബാധിതന്‍റെ വോട്ടിനായി പോകുന്നവര്‍ പൂര്‍ണ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയാണ് പോകേണ്ടത്.
ക്രിമിനല്‍ കേസുകളിൽ പ്രതിയായിട്ടുള്ള സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അച്ചടി മാധ്യമത്തിലും ദൃശ്യ, ശ്രാവ്യമാധ്യമങ്ങളിലും മൂന്ന് പ്രാവശ്യം പ്രസിദ്ധീകരിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പിന് നിര്‍ത്തിയതിന് ബന്ധപ്പെട്ട പാര്‍ട്ടികളുടെ വിശദീകരണം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കുറി ഉറപ്പാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പറഞ്ഞു. പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിംഗ് ഏജന്‍റുമാര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കും. കള്ളവോട്ട് തടയുന്നതില്‍ പോളിംഗ് ഏജന്‍റുമാരുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കമ്മീഷന്‍റെ നടപടി. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ ഉപ പോളിംഗ് സ്റ്റേഷനുകള്‍ വേണ്ടിവരും ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി ആയിരം വോട്ടര്‍മാരെയാണ് അനുവദിക്കുക. സംസ്ഥാനത്ത് നിലവില്‍ 25040 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ആയിരം വോട്ടര്‍മാരുടെ ക്രമീകരണ സാഹചര്യത്തില്‍ 15730 പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലായി വേണ്ടിവരും. 40771 സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് കമ്മീഷ്ണര്‍ പറഞ്ഞു.
പ്രധാന പോളിംഗ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലോ അതിന്‍റെ 200 മീറ്റര്‍ ചുറ്റളവിലോ ആയിരിക്കും ഉപ പോളിംഗ് സ്റ്റേഷന്‍ സജ്ജമാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മതത്തോടെയായിരിക്കും ഉപ പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കുക. ജില്ലയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വിവിധ തിരഞ്ഞെടുപ്പ് ചുമതലകളുടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ ് ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറിയാല്‍ സസ്പെന്‍ഷനും പ്രോസിക്യൂഷനുമടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും. കള്ളവോട്ടിന് ശ്രമിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കളക്ടർ എസ്. സുഹാസ് , ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി.ഒ.ടി മനോജ്, സബ് കളക്ടര്‍ ഹാരിസ് റഷീദ്, തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
- Log in to post comments