Skip to main content

നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റക്കാര്‍ക്ക് പുതുക്കിയ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുന്നു

 

 

കൊച്ചി: നാളികേര വികസന ബോര്‍ഡിന്റെ പുതുക്കിയ കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തെങ്ങു കയറ്റക്കാര്‍ക്ക്  ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. ഭാഗികമായ അംഗവൈകല്യങ്ങള്‍ക്ക്് രണ്ടര ലക്ഷം രൂപയും അപകടസംബന്ധമായ ചികിത്സ ചിലവുകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കും. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ബോര്‍ഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോര്‍ഡിന്റെ തെങ്ങുകയറ്റ പരിശീലനമോ നീര ടെക്‌നീഷ്യന്‍ പരിശീലനമോ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക്  ആദ്യവര്‍ഷം ഇന്‍ഷുറന്‍സ് തികച്ചും സൗജന്യമാണ്. അവരുടെ ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം തുക ബോര്‍ഡ്  തന്നെ വഹിക്കും. ഇന്‍ഷുറന്‍സ് കാലാവധി ഒരു വര്‍ഷമാണ്. കാലാവധിക്ക് ശേഷം ഗുണഭോക്താവിന്റെ വിഹിതമായ 99 രൂപ നല്‍കി പോളിസി പുതുക്കാവുന്നതാണ്. പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന പതിനെട്ടുവയസ്സിനു മുകളിലും അറുപത്തിയഞ്ചു വയസ്സിനു താഴെയുമുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് 99 രൂപ മുടക്കി ഈ പദ്ധതിയുടെ ഗുണഭോക്താവാകാം. നാളികേര വികസന ബോര്‍ഡിന്റെ  പേരില്‍ എറണാകുളത്ത് മാറാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകള്‍ ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേരഭവന്‍, എസ്.ആര്‍.വി. റോഡ്, കൊച്ചി 682011 എന്ന വിലാസത്തില്‍ അയക്കണം.  ഗുണഭോക്താവിന്റെ വിഹിതം ഓണ്‍ലൈനായി അടയ്ക്കുവാനും സൗകര്യമുണ്ട്. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു.  0484-2377266 എക്റ്റന്‍ഷന്‍  255 (സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം).

date