Skip to main content

സ്വീപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി നവവോട്ടർമാർ കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമാകണം: കളക്ടർ

 

നവവോട്ടർമാർ കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമാകുമ്പോഴാണ് ആരോഗ്യപരമായ ജനാധിപത്യം സാധ്യമാകുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്മതിദായക ബോധവൽകരണ പ്രവർത്തനങ്ങളുടെ-സ്വീപ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു കളക്ടർ. ജില്ലയിലെ എല്ലാ നവ വോട്ടർമാരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പിന്റെ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും കളക്ടർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി അക്ഷയ യൂനിറ്റുകളുടെ സഹകരണത്തോടെ 101 പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തു. കൂടാതെ നവ വോട്ടർമാരെ ആകർഷിക്കുന്നതിനായി സിഗ്‌നേച്ചർ കാമ്പയിൻ, സെൽഫി കോർണർ എന്നിവയുടെ ഉദ്ഘാടനവും 'മൈ വോട്ട് മൈ പ്രൈഡ്' എന്ന ഹാഷ് ടാഗിന്റെ പ്രകാശനവും നടന്നു.

വോട്ടർമാർക്ക് ബോധവത്കരണം നൽകാനും സംശയങ്ങൾ ദുരീകരിക്കാനും അതുവഴി വോട്ടിംഗ് ശതമാനം കൂട്ടാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിപാടിയാണ് സിസ്റ്റമാറ്റിക് വോട്ടർ എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം-സ്വീപ്പ്. ഇനി നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സ്വീപ്പിന്റെ പ്രവർത്തനങ്ങൾ നടക്കും. ഇതിലേക്കുള്ള ബാനറുകൾ ടീമുകൾക്ക് കൈമാറി.

ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സൈമൺ ഫെർണാണ്ടസ്, ഐസിഡിഎസ് ജില്ലാ കോ ഓർഡിനേറ്റർ കവിതാറാണി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

date