ജില്ലാ ശിശുക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രം തുടങ്ങുന്നു
ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ ശിശുക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രം തുടങ്ങുന്നു. അമ്മതൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണം സമിതി ഉറപ്പു വരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം തുടങ്ങുന്നതെന്ന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ പറഞ്ഞു. കൊടൂങ്ങൂരില്‍ വാഴൂര്‍ ബ്ലോക്കിന്റെ അധീനതയിലുള്ള കെട്ടിടത്തില്‍ കേന്ദ്രത്തിന്റ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായലുടന്‍ കുഞ്ഞുങ്ങളെ ഇവിടെ താമസിപ്പിക്കാനാണ് നീക്കം. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കാണ് കുഞ്ഞുങ്ങളെ കൈമാറുന്നത്. അടുത്തയിടെ അമ്മത്തൊട്ടിലില്‍ ലഭിച്ച ഒരു കുഞ്ഞിനെ ഇപ്രകാരം കൈമാറിയിരുന്നു. കുട്ടികളുടെ അഭയകേന്ദ്രം തണലിന്റെ പ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.തെക്കും ഗോപുരത്തിനു സമീപം എക്‌സൈസ് വകുപ്പിന്റെ സൊസൈറ്റി കെട്ടിടത്തില്‍ വാടകയ്ക്കാണ് തണലിന്റ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ നേരിടുന്ന ഏതുതരം പ്രശ്‌നവും തണലിന്റെ 1517 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചറിയിക്കാവുന്നതാണ്.ജില്ലാ കളക്ടര്‍ ഡോ. ബിഎസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എ.ഡി.സി പിഎസ്.ഷിനോ, സമിതി ട്രഷറര്‍ എ.എ.മാത്യു, അംഗങ്ങളായ ടി.കെ.ഗോപി, പി.എന്‍ രവി, ബിജി കുര്യന്‍, ടി.ശശികുമാര്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
(കെ.ഐ.ഒ.പി.ആര്‍-895/18)
- Log in to post comments