കരുമാല്ലൂര്‍ പഞ്ചായത്തില്‍ ജാഗ്രതോത്സവത്തിന് തുടക്കം
കൊച്ചി: ശുചിത്വ ബോധവത്കരണം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹരിത കേരള മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത പരിപാടിക്ക് കരുമാല്ലൂരില്‍ തുടക്കമായി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമൈബ യൂസഫ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ ബോധവത്കരണം, പ്ലാസ്റ്റിക് നിരോധനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജാഗ്രതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍ നയിച്ച ക്ലാസില്‍ പ്ലാസ്റ്റിക്കിന് പകരം പ്ലാവില, ഓല എന്നിവ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
പഞ്ചായത്തിന് കീഴിലുള്ള ഇരുപത് വാര്‍ഡുകളിലും വീടുകള്‍ കയറി ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കല, സാക്ഷരത മിഷന്‍, കുടുംബശ്രീ മിഷന്‍, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ കുട്ടികളിലേക്ക് ആശയങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ജാഗ്രതോത്സവത്തിന്റെ ലക്ഷ്യം.
ആരോഗ്യ ബോധവത്കരണത്തിനായി നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് സെക്രട്ടറി ഷിനോയ് ജോസ്, പഞ്ചായത്തംഗങ്ങളായ അലി, ശ്രീലത ലാല്‍, വഹീദ ലത്തീഫ്, ഹൈറുനിസ റഷീദ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments