Skip to main content

ഒരുമയുടെ ഉത്സവം' സമാപിച്ചു

 ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളിലേക്കെത്തിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഏഴു ദിവസങ്ങളിലായി മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രദര്‍ശന വിപണനമേള 'ഒരുമയുടെ ഉത്സവം 2018 'സമാപിച്ചു. സമാപന സമ്മേളനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
വെള്ളം, വൃത്തി, വിളവ് എന്ന മുദ്രാവക്യവുമായി നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹരിതകേരളം പദ്ധതി ജില്ലയില്‍ ഏറെ വിജയകരമായതായി സമാപന സമ്മേളന ചടങ്ങില്‍ ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി. രാജു പറഞ്ഞു. ജില്ലയില്‍ തരിശു നിലങ്ങള്‍ കൃഷിയിടമാക്കുന്നതിലും മാലിന്യ നിര്‍മാര്‍ജനത്തിലും നദികളുടെ പുനരുജ്ജീവനത്തിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മേള ഏറെ സഹായിച്ചതായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി പറഞ്ഞു. വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന 'മന്ദഹാസം' പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ആകെ 50 അപേക്ഷകളാണ് ലഭിച്ചതെങ്കില്‍ ഈ വര്‍ഷം മേള തുടങ്ങി ആറു ദിവസം കൊണ്ട് 60 ന് മുകളില്‍ അപേക്ഷകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ലഹരി വിമുക്ത കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ ഏറെ സഹായിച്ചതായി വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ഹരികുമാര്‍ സമാപന ചടങ്ങില്‍ പറഞ്ഞു. ജില്ലയില്‍ ലഹരി വിമുക്തിക്കായി ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ജൂണ്‍ മാസം മുതല്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  
ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം തിരഞ്ഞെടുത്ത 3000 വീടുകളില്‍ 1750 എണ്ണം ഇതിനകം പൂര്‍ത്തിയായതായും ശേഷിക്കുന്നവ ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്നും ചടങ്ങില്‍ പ്രസംഗിച്ച ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. ശ്രീഹരി പറഞ്ഞു. നിലമ്പൂര്‍ അമ്പുമല ആദിവാസി കോളനിയിലെ പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍ പൂര്‍ത്തീകരിക്കാനായത് എടുത്തു പറയാവുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.  ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായതായും 14567 ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷം വീട് നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മേളയിലെ മികച്ച സ്റ്റാളായി തെരഞ്ഞെടുത്ത ഐ.ടി മിഷന്‍/അക്ഷയ സ്റ്റാളിനും രണ്ടാമത്തെ മികച്ച സ്റ്റാളായി തെരഞ്ഞെടുത്ത സാമൂഹ്യ നീതി സ്റ്റാളിനുമുള്ള ഉപഹാരം എ.ഡി.എം വി രാമചന്ദ്രന്‍ ചടങ്ങില്‍ വിതരണം ചെയ്തു.

date