Skip to main content

സ്ഥാനാര്‍ത്ഥികള്‍ക്ക് 'സുവിധ കാന്‍ഡിഡേറ്റ്' ആപ്പ്

പൊതുതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയിരിക്കുന്ന വിവിധ ആപ്പുകളില്‍ പൂര്‍ണ്ണമായും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ളതാണ് സുവിധ കാന്‍ഡിഡേറ്റ് ആപ്പ്. ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനും പ്രചരണ പരിപാടികള്‍ക്കായി വാഹനം, ഉച്ചഭാഷിണി തുടങ്ങിയവക്കുള്ള അനുവാദം വരണാധികാരികളില്‍ നിന്നും വാങ്ങാനും ഉപകരിക്കും. അപേക്ഷകര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല. നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലുമാകും.
പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അപ്ലോഡ് ചെയ്യപ്പെടുന്ന അപേക്ഷകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാത്രമുള്ള എന്‍കോര്‍ - നോഡല്‍ ആപ്പിലൂടെ പൊലീസിലെ നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാകും. തുടര്‍ന്ന് ബന്ധപ്പെട്ട സറ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരണാധികാരിക്ക് നല്‍കാം. പിന്നീട് എന്‍കോര്‍ നോഡല്‍ പോര്‍ട്ടലില്‍ അപ്പ്‌ലോഡ് ചെയ്യുന്ന വരണാധികാരിയുടെ അനുമതി സംബന്ധിച്ച ഉത്തരവ് സുവിധ കാന്‍ഡിഡേറ്റ് ആപ്പ് വഴിയും പോര്‍ട്ടല്‍ വഴിയും സ്ഥാനാര്‍ത്ഥിക്ക് ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍.698/2021)

date