Skip to main content

കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് ഏഴ് കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 21 ഞായറാഴ്ച) സര്‍ക്കാര്‍ മേഖലയില്‍ ചൊക്ലി പി എച്ച് സിയും ആറ് സ്വകാര്യ ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളില്‍ ഉള്ള പൗരന്‍മാര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള  എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് .
  സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
കോവിന്‍ വെബ്സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. www.cowin.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന്‍  തിരഞ്ഞെടുക്കണം. തുറന്നു വരുന്ന വിന്‍ഡോയില്‍  മൊബൈല്‍ നമ്പര്‍ നല്‍കി ഗെറ്റ് ഒടിപി എന്ന ഓപ്ഷന്‍ ക്ലിക്  ചെയ്യുക. മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്‍കിയാല്‍ രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ലഭ്യമാകുന്ന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം.
സബാ  ഹോസ്പിറ്റല്‍ പയ്യന്നൂര്‍, അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, കൊയിലി ഹോസ്പിറ്റല്‍ കണ്ണൂര്‍, ഡോ. ബീബിസ്  ഹോസ്പിറ്റസില്‍ പഴയങ്ങാടി , മാധവറാവോ സിന്ധ്യ ഹോസ്പിറ്റല്‍ കണ്ണൂര്‍, മിഷന്‍ ഹോസ്പിറ്റല്‍ തലശ്ശേരി എന്നീ സ്വകാര്യ ആശുപത്രികളിലാണ് ഇന്ന് വാക്‌സിനേഷന്‍ നല്‍കുന്നത്.
വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്

date