Skip to main content

താനൂരില്‍ ഓട്ടിസം പാര്‍ക്ക്: നിര്‍മ്മാണപ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.

 

താനൂര്‍ മണ്ഡലത്തിന് അനുവദിച്ച ഓട്ടിസം പാര്‍ക്ക് ശോഭ ജി.എല്‍.പി. സ്‌ക്കൂളില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കാനായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് ചുമതല നല്‍കി.  ഓട്ടിസം പാര്‍ക്കിന് അമ്പത് ലക്ഷം രൂപ ആദ്യഘട്ടമായി സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച പൊതുമാതൃകയിലുള്ള പാര്‍ക്ക് രൂപകല്‍പന ചെയ്യാനും മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലുടനീളം ഏതാണ്ട് ഒരേ മാതൃകയിലുള്ള പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
    താനൂര്‍ നിയോജക മണ്ഡലത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള പരിചരണത്തിനും അവരുടെ പുനരധിവാസത്തിനും ഏറ്റവും നൂതനമായ രീതിയിലുള്ള പാര്‍ക്കാണ് സ്ഥാപിക്കുന്നത്. ശോഭ ജി.എല്‍.പി. സ്‌ക്കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്ത് തന്നെ പാര്‍ക്കിനായി പ്രത്യേക സ്ഥലം നീക്കി വെച്ചിരുന്നു. ഇതാണ് ഓട്ടിസം പാര്‍ക്ക് സ്ഥാപിക്കാനായി ഉപയോഗിക്കുന്നത്. മണ്ഡലത്തിന്റെ ഏതു ഭാഗത്തുനിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം കൂടി കണക്കിലെടുത്തു കൊണ്ടാണ് പാര്‍ക്കിവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗം എഞ്ചിനീയര്‍മാര്‍ സ്ഥലം പരിശോധിക്കാന്‍ താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നു. വിശദമായ പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍ അനുവദിച്ച മാതൃകയില്‍ ലഭ്യമായ സ്ഥലത്തിന്റെ പ്രത്യേകതയും കണക്കിലെടുത്ത് ഏറ്റവും നല്ല ഒരു പദ്ധതിക്ക് രൂപം കൊടുത്തതായി എം.എല്‍.എ അറിയിച്ചു.

 

date