Skip to main content

ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം: വീട് നശിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും- റവന്യു മന്ത്രി

കോട്ടയ്കക്കലിനടുത്ത പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്നതു മൂലം വീട് നശിച്ച രണ്ടു  കുടുംബങ്ങള്‍ക്കും അടിയന്തിരമായി നാലു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദുരന്തസാദ്ധ്യതയുള്ള ഈ പ്രദേശം ആളുകള്‍ക്ക് പ്രവേശിക്കാനാവാത്ത വിധം വേലി കെട്ടി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങരയിലെ സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമി ഉപയോഗ്യശൂന്യമായിരിക്കുകയാണ്. ഭൂമിയുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. ഭൂമിക്കടിയിലെ മണ്ണലൊപ്പു മൂലമാണ് ഭൂമി വിണ്ടുകീറിയിട്ടുള്ളത്. സ്ഥലത്ത് അപകടസാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ഥലത്ത് അടിയന്തിരമായി വേലി കെട്ടാനും പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കളക്ടര്‍ അമിത് മീണ, തിരൂര്‍ ആര്‍.ഡി.ഒ മോബി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.

നാലു വര്‍ഷം മുമ്പായിരുന്നു പ്രദേശത്ത് വിള്ളലുണ്ടായി തുടങ്ങിയത്. ആദ്യം വിള്ളല്‍ കണ്ടത് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലായിരുന്നു. അധികൃതരുടെ നിര്‍ദേശമനുസരിച്ച് സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറി. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും ഭൂമി പിളരുന്നത്. ഇവിടെ പറമ്പില്‍ മേയുകയായിരുന്ന പരുത്തിക്കുന്നന്‍ സമദിന്റെ ആട്ടിന്‍കുട്ടി കഴിഞ്ഞ ദിവസം വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു പോയിരുന്നു. ഇതിനെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത പൊട്ടംചോല റഹീമിന്റെ വീടാണ് ഇപ്പോള്‍ വീണ്ടു കീറിയിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് റഹീമിന്റെ ഭാര്യയും നാലുകുട്ടികളും ഇവിടെ നിന്ന് രണ്ടു ദിവസം മുമ്പ് താമസം മാറി. എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്ന നിലയിലാണ് വീട് നില്‍ക്കുന്നത്. ഏകദേശം 70 മീറ്റര്‍ നീളത്തിലാണ് ഭൂമിയുടെ വിള്ളല്‍. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്നതിനായി സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനാ മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തുണ്ട്.

 

date