Skip to main content

കടല്‍ക്ഷോഭത്തിന് പരിഹാരമായി തുറമുഖ വകുപ്പിന്റെ പ്രതിരോധസ്റ്റാള്‍

 

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ദിശ   ഉത്പന്ന പ്രദര്‍ശന വിപണന മേളയിലെ തുറമുഖം വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. നിരന്തരമായുണ്ടാകുന്ന കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനും നഷ്ട ബാധ്യതയുടെ നിരക്ക് കുറച്ച് കടല്‍ത്തീരത്തെ ആവാസ വ്യവസ്ഥ എങ്ങനെ ക്രമീകരിച്ചെടുക്കാം എന്നതാണ് തുറമുഖം വകുപ്പിന്റെ പ്രദര്‍ശന ഹാളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നമ്മുടെ കടല്‍ത്തീരത്തെ മാതൃകയാക്കിയാണ്  പ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നത്. ഈ മാതൃകയില്‍ നമ്മുടെ കടലോരം ക്രമീകരിച്ചാല്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടാകുന്ന കനത്ത നാശനഷ്ടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. തീരത്തിനു സമാന്തരമായി 35 മീറ്റര്‍ വീതിയില്‍ തീരത്തുടനീളം ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിച്ചാല്‍, ഓരോ വര്‍ഷവും അര ലക്ഷം കാറുകള്‍ പുറന്തള്ളുന്നതിന് തുല്യമായ അളവ് കാര്‍ബണ്‍ വലിച്ചെടുക്കാന്‍ സാധിക്കും. അതുവഴി ആഗോള താപന നിയന്ത്രണം സാധ്യമാകുന്നു.  ഗ്രീന്‍ ബെല്‍റ്റിന് പിന്നിലായി ഫിഷിംഗ് ഹാര്‍ബറുകളെ ബന്ധിപ്പിക്കുന്ന 15 മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മ്മിച്ചാല്‍ യാത്രാ - ചരക്ക് ഗതാഗതം സുഗമമാകും.റോഡിന് പിന്നിലായാണ് മത്സ്യതൊഴിലാളികളുടെ ഭവനങ്ങളും ജനവാസ പ്രദേശങ്ങളും വിഭാവനം ചെയ്തിരിക്കുന്നത്. ഹാര്‍ബറില്‍ നിന്നും ഹാര്‍ബറിലേക്ക് സഞ്ചരിക്കുന്ന ഒരു ട്രാമും പ്രദര്‍ശനത്തില്‍ കാണാം. ഇതിന്റെ ഒരു ബോഗിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ യാത്ര എന്ന ആശയമാണ് വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. കാറ്റാടി യന്ത്രങ്ങള്‍, സൗരോര്‍ജ്ജ പാനലുകള്‍ എന്നിവ ഉള്‍പ്പെടുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ  ഊര്‍ജ്ജോത്പാദന സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി വാര്‍ത്താ വിനിമയ കമ്പികളും കുഴലുകളും കടന്നു പോകുന്നതിനുള്ള പ്രത്യേക തുരങ്ക സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഈ മോഡല്‍ സാധ്യമായാല്‍ കടല്‍ഭിത്തി നിര്‍മ്മാണം മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കും. വര്‍ഷം തോറും ജനങ്ങളെ തീരത്തു നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതും ഒഴിവാക്കാം.

date