Skip to main content

ദേശീയ ലോക് അദാലത്ത് ഇന്ന്(ഏപ്രില്‍ 10)

ദേശീയ ലോക് അദാലത്ത് ഇന്ന്(ഏപ്രില്‍ 10) ജില്ലയില്‍ നടക്കും. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍ കോടതി സമുച്ചയങ്ങളിലെ ഇരുപത്തിയഞ്ചോളം ബൂത്തുകളിലായി അയ്യായിരത്തിലധികം കേസുകള്‍ പരിഗണിക്കും. ലോക് അദാലത്തില്‍ ഹാജരാകുവാന്‍ നോട്ടീസ് ലഭിച്ചവര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തും എത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് അറിയിച്ചു. ലോക് അദാലത്തുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുമായോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളുമായോ ബന്ധപ്പെടണം.
ജില്ലയിലെ വിവിധ സിവില്‍-ക്രിമിനല്‍-ലേബര്‍ കോടതികളില്‍ വിചാരണയിലിരിക്കുന്ന വാഹനാപകട നഷ്ട പരിഹാര കേസുകള്‍, പൊന്നുംവില നഷ്ടപരിഹാര വിധിനടത്തു കേസുകള്‍, കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്ത ബാങ്ക് വായ്പാ കുടിശിക തര്‍ക്കങ്ങള്‍, ഫോണ്‍ വരിസംഖ്യ കുടിശിക തര്‍ക്കങ്ങള്‍, രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില അണ്ടര്‍ വാല്യുവേഷന്‍ തര്‍ക്കങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് പിഴയൊടുക്കി തീര്‍ക്കാവുന്ന കേസുകള്‍, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ് സേവന ദാതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍, സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ എന്നിവ അദാലത്തില്‍ പരിഹരിക്കും.
(പി.ആര്‍.കെ നമ്പര്‍.880/2021)

 

date