Skip to main content

കോവിഡ് പ്രതിരോധം സ്‌ക്വാഡ് പരിശോധനകള്‍ സുശക്തം - ജില്ലാ കലക്ടര്‍

കോവിഡ് രണ്ടാംവ്യാപന സാധ്യത നിലനില്‍ക്കെ ജില്ലയില്‍ സ്‌ക്വാഡ് പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കിയെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.  എ.ഡി.എം അലക്‌സ് പി. തോമസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താലൂക്ക്തല പരിശോധനകള്‍ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധ മേഖലകളില്‍ പരിശോധന നടത്തി. മാര്‍ക്കറ്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കുന്നത്തൂരില്‍ എ.ഡി.എം അലക്‌സ് പി. തോമസ്, എല്‍.ആര്‍  തഹസീല്‍ദാര്‍ എം. നിസാം തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. 41 കേസുകള്‍ക്ക് താക്കീതും നാലെണ്ണത്തിന്  പിഴയും ഈടാക്കി. പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് കൊട്ടാരക്കര ചന്തമുക്ക്, പുലമണ്‍ ജംഗ്ഷന്‍, കെ.എസ.്ആര്‍.ടി.സി ഡിപ്പോ വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തി. പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം പ്രദേശങ്ങളിലെ വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ യോഗം ഇന്ന്(ഏപ്രില്‍ 17) രാവിലെ 10 ന് കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ ചേരും.  തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍, റൂറല്‍ എസ.്പി. കെ.ബി. രവി തുടങ്ങിയവരുടെ  നേതൃത്വത്തില്‍ വിവിധ ടീമുകളായി നടത്തിയ പരിശോധനയ്‌ക്കൊപ്പം മാസ്‌കുകളും വിതരണം ചെയ്തു.
കരുനാഗപ്പള്ളിയില്‍ കുലശേഖരപുരത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ സൂക്ഷിക്കാത്തതിന് 3000 രൂപ  പിഴ ഈടാക്കി.   10 കേസുകളില്‍ താക്കീത് നല്‍കി.  ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ. നായര്‍, ജൂനിയര്‍ സൂപ്രണ്ട് സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പത്തനാപുരം താലൂക്കില്‍ എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍  പി.ബി. സുനില്‍ ലാലിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി നടത്തിയ പരിശോധനയില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34 കേസുകള്‍ക്ക് താക്കീതും മൂന്നെണ്ണത്തിന് പിഴയും നല്‍കി. സബ് രജിസ്ട്രാര്‍ സക്കീര്‍ ഹുസൈന്‍, കൃഷി ഓഫീസര്‍ അഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.919/2021)

 

date